കർണാടകയിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറി; പക്ഷേ പഠിപ്പിക്കില്ല

കർണാടകയിലെ ഹിജാബ് വിവാദം കെട്ടടങ്ങുന്നില്ല. പ്രതിഷേധത്തെ തുടർന്ന് രണ്ട് കോളജുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. വർഗീയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ രണ്ട് കോളജുകൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മറ്റൊരു കോളജിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി. ഹിജാബ് ധരിച്ച വിദ്യാർത്ഥികൾ ഗേറ്റിന് പുറത്ത് ദിവസങ്ങൾ നീണ്ട പ്രതിഷേധം നടത്തിയതിന് ഒടുവിലാണ് ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സർക്കാർ ജൂനിയർ പി.യു കോളജിൽ പെൺകുട്ടികളെ കാമ്പസിലേക്ക് കടത്തിവിട്ടത്. ഇവരെ പ്രത്യേക ക്ലാസ് മുറിയിലാണ് ഇരുത്തിയത്.

ഇവർക്ക് ക്ലാസുകളിൽ പ​ങ്കെടുക്കാനായില്ല. ഗേറ്റിന് പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇതെന്ന് കോളജ് അധികൃതർ പറഞ്ഞു. ഹിജാബ് നീക്കം ചെയ്തതിനുശേഷം മാത്രമേ വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രിൻസിപ്പൽ രാമകൃഷ്ണ ജിജെ. കുന്ദാപുരിലെ കലവറ വരദരാജ് എം ഷെട്ടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിൽ ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളെ വീട്ടിലേക്ക് അയച്ചു. "ഞങ്ങൾ വിദ്യാർത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പ്രവേശിക്കാൻ ഞങ്ങൾ അവരെ ഉപദേശിച്ചു. അവർ നിരസിച്ചു. അതിനാൽ ഞങ്ങൾ അവരോട് പോകാൻ ആവശ്യപ്പെട്ടു. നാളെ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കാൻ ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചിരിക്കുന്നു" -വൈസ് പ്രിൻസിപ്പൽ ഉഷാദേവി പറഞ്ഞു.

കർണാടകയിലെ വിജയപുര ജില്ലയിലെ രണ്ട് കോളജുകളായ ശാന്തേശ്വര പി.യു, ജി.ആർ.ബി കോളജ് എന്നിവിടങ്ങളിൽ ഹിജാബ് ധരിച്ച സഹപാഠികളെ എതിർത്ത് കാവി ഹിജാബ് ധരിച്ച് ഹിന്ദുത്വ വിദ്യാർഥി സംഘടനയിലെ പ്രവർത്തകർ രംഗത്തെത്തി. അതേസമയം, ഹിജാബ് ധരിച്ചെത്തുന്ന മുസ്‍ലിം വിദ്യാർഭിനികൾക്ക് പിന്തുണയുമായി ഹിജാബ് ധരിച്ച് നിരവധി അമുസ്‍ലിം കുട്ടികളും എത്തുന്നുണ്ട്. കർണാടക ഹൈക്കോടതി നാളെ കേസ് പരിഗണിക്കുമെന്ന് ഇവിടുത്തെ പ്രിൻസിപ്പൽ വിദ്യാർത്ഥികളോട് പറയുകയും ഇന്ന് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പി.യു കോളജിലാണ് കഴിഞ്ഞ മാസം ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. ഹിന്ദുത്വ തീവ്രവാദികൾ മുസ്‍ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു രംഗത്തെത്തുകയായിരുന്നു. ഉഡുപ്പിയിലും പുറത്തുമുള്ള കൂടുതൽ കോളജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു. 

Tags:    
News Summary - Karnataka Students In Hijab Sent To Separate Classrooms, No Lessons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.