ശ്രീനഗര്‍: മൂന്നു മാസത്തിലധികമായി സംഘര്‍ഷഭൂമിയായിരുന്ന ജമ്മു-കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിഘടനവാദികള്‍ നയിക്കുന്ന സമരത്തെ എതിര്‍ത്തുകൊണ്ട് ജമ്മു-കശ്മീരിലെ വാണിജ്യകേന്ദ്രമായ ലാല്‍ചൗക്കില്‍ കൂടുതല്‍ വഴിവാണിഭക്കാര്‍ കച്ചവടം തുടങ്ങി.
പ്രദേശത്ത് ട്രാഫിക് വര്‍ധിച്ചതായും വിപണിയില്‍ സാധാരണ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നതായും പൊലീസ് അധികൃതര്‍ അറിയിച്ചു.
നഗരത്തില്‍ ലാല്‍ചൗക്ക് അടക്കമുള്ള സിവില്‍ ലൈന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ സ്വകാര്യ കാറുകളും ഓട്ടോറിക്ഷയും ഓടിത്തുടങ്ങി. കൂടുതല്‍ ചില്ലറവില്‍പനക്കാര്‍ അവരുടെ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചതായും ദിനംപ്രതി ജനജീവിതവും ഗതാഗതവും മെച്ചപ്പെട്ടുവരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വിഘടനവാദികള്‍ തുടരുന്ന സമരം 107ാം ദിവസം പിന്നിടുമ്പോള്‍ ജനജീവിതം പൂര്‍ണമായി സാധാരണ നിലയിലായിട്ടില്ല. ആളുകളുടെ സഞ്ചാരത്തിന് നിയന്ത്രണമില്ളെങ്കിലും താഴ്വരയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന്‍െറ ഭാഗമായി നാലോ അതില്‍ കൂടുതല്‍ പേരോ ഒത്തുകൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍കരുതലിനായി പ്രശ്നബാധിത മേഖലകളിലും പ്രധാന റോഡുകളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുമുണ്ട്. വാണിജ്യ സ്ഥാപനങ്ങളും ഇന്ധന സ്റ്റേഷനും അടഞ്ഞുതന്നെ കിടക്കുകയാണ്. താഴ്വരയില്‍ സ്കൂളുകളും കൊളജുകളും അടച്ചിട്ടത് കശ്മീരിലെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
അടുത്തമാസം ബോര്‍ഡ് പരീക്ഷ നടത്താനുള്ള ഗവണ്‍മെന്‍റിന്‍െറ തീരുമാനം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കടുത്ത വിമര്‍ശത്തിന് ഇടയാക്കി. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ട് പൊലീസുകാരടക്കം 85 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പ്രധാന വിഘടനവാദി നേതാക്കളടക്കം ആയിരക്കണക്കിന് യുവാക്കള്‍ പ്രതിസന്ധി നേരിടാനുള്ള പൊലീസിന്‍െറ ഇടപെടലില്‍ അറസ്റ്റിലായി. പൊതുസുരക്ഷ നിയമപ്രകാരം 300ലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
അതിര്‍ത്തിയില്‍ ഏതു സാഹചര്യം നേരിടാനും തയാറെന്ന് സേന
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഏതു നിമിഷവും കാര്യങ്ങള്‍ മാറിമറിഞ്ഞേക്കാമെന്നും എല്ലാ സാഹചര്യവും നേരിടാന്‍ സേന സമ്പൂര്‍ണ സജ്ജമാണെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂര്‍ ശാന്തമായിരുന്നെന്നും അനിഷ്ടസംഭവങ്ങള്‍ ഒന്നുമുണ്ടായില്ളെന്നും അധികൃതര്‍ അറിയിച്ചു. പാകിസ്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് യോജിച്ച തിരിച്ചടി നല്‍കും. ഇതിന് സൈന്യം സജ്ജമാണ് -ബി.എസ്.എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച പാക് ആക്രമണത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ദിവസം മരിച്ച ജവാന്‍ ഗുര്‍നാമിന് ആദരാഞ്ജലികളര്‍പ്പിക്കുന്ന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നതിനിടെയായിരുന്നു ഗുര്‍നാമിന് പരിക്കേറ്റത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് പാക് സൈന്യത്തിന്‍െറ സഹായം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴു പാക് സൈനികരും ഭീകരനും കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമാണോ എന്ന് ഉറപ്പില്ളെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.