ശ്രീനഗർ: ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ ഹരജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ, താഴ്വരയിൽ മതിയായ സുരക്ഷ ഏർപ്പെടുത്തിയതായി ഐ.ജി വി.കെ. ബിർദി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഐ.ജി പറഞ്ഞു. ഭീകരവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്ന തരം ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അധിക്ഷേപകരമായതും പ്രകോപനപരമായതുമായ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നതടക്കം മാർഗനിർദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, വിധി സംബന്ധിച്ച് കശ്മീരിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിവിധ രൂപത്തിലാണ് പ്രതികരിച്ചത്. എന്തു സംഭവിക്കുമെന്ന് ആർക്കാണ് പറയാൻ സാധിക്കുകയെന്നും അഞ്ചു ജഡ്ജിമാരുടെ മനസ്സിലെന്തായിരിക്കുമെന്ന് എങ്ങനെ അറിയാനാണെന്നും നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പറഞ്ഞു. ‘‘ഞങ്ങൾക്ക് അനുകൂലമായിരിക്കണമെന്ന് പ്രാർഥിക്കാനും പ്രതീക്ഷിക്കാനും മാത്രമേ കഴിയൂ’’ -ഉമർ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയും സംരക്ഷിക്കലാണ് സുപ്രീംകോടതിയുടെ ചുമതലയെന്ന് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി പ്രതികരിച്ചു.
അതിനിടെ, വിധി പ്രസ്താവത്തിനു മുന്നോടിയായി 370ാം വകുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നവർക്കെതിരെ ജമ്മു-കശ്മീരിൽ നടപടി തുടങ്ങി. ‘പ്രകോപനപരവും രാജ്യദ്രോഹപരവുമായ പ്രസ്താവനകൾ അടങ്ങുന്ന വിദ്വേഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത’ വടക്കൻ കശ്മീരിലെ ബാരാമുല്ലയിൽനിന്ന് ഒരാളെ പിടികൂടിയെന്ന് പൊലീസ് വക്താവ് പറഞ്ഞു. തെക്കൻ കശ്മീരിലെ അനന്ത്നാഗിൽ മൂന്നു പേർക്കെതിരെയും മധ്യകശ്മീരിലെ ഗണ്ടർബാൾ ജില്ലയിൽ രണ്ടു പേർക്കെതിരെയും നടപടിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.