ശ്രീനഗർ: രാജ്യമനഃസ്സാക്ഷിയെ മുറിവേൽപിച്ച കഠ്വയിലെ എട്ടുവയസ്സുകാരിയുടെ ബലാത്സംഗക്കൊലയുടെ ചുരുളഴിച്ചത് സ്വാധീനത്തിന് വഴങ്ങാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം. ഒപ്പം, ദീപിക സിങ് എന്ന അഭിഭാഷകയുടെ നിയമപ്പോരാട്ടവും. 38കാരിയായ ദീപിക സിങ് ജമ്മു-കശ്മീർ ഹൈകോടതിയിൽ നൽകിയ റിട്ട് ഹരജിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ ഇടപെട്ടതിന് ജമ്മു ബാർ അസോസിയേഷൻ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടും ദീപിക ഉറച്ചുനിന്നു.
കൊലപാതകത്തിലെ ദുരൂഹത നീങ്ങിയത് ക്രൈംബ്രാഞ്ചിെൻറ കുറ്റപത്രത്തിലൂടെയായിരുന്നു. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച തെളിവുകളാണ് സംഭവത്തിലെ ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. ജമ്മു-കശ്മീരിലെ ബി.ജെ.പി എം.എൽ.എമാരും വൻ സ്വാധീനമുള്ള അഭിഭാഷക സമൂഹവുമൊരുക്കിയ കെണികളെ അതിജീവിച്ച് ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് രമേഷ് കുമാർ ജല്ലയും സംഘവും റെക്കോഡ് സമയത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
ബി.ജെ.പി എം.എൽ.എമാരായ ചൗധരി ലാൽ സിങ്ങും ചന്ദർപ്രകാശ് ഗംഗയും കുറ്റവാളികളെ അനുകൂലിച്ച് റാലികളിൽ പങ്കെടുത്തിരുന്നു. ബാർ അസോസിയേഷനും കേസ് രജിസ്റ്റർ ചെയ്യുന്നതിനെതിരെ രംഗത്തെത്തി.
ഹൈകോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം ശേഷിക്കെയാണ് ഏപ്രിൽ ഒമ്പതിന് കുറ്റപത്രം സമർപ്പിച്ചത്. കേസ് മൂടിവെക്കാൻ ശ്രമിച്ച ഗൂഢാലോചനയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും നാല് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. അന്വേഷണം തുടങ്ങുേമ്പാൾ കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി ജല്ലക്കും അറിവില്ലായിരുന്നു. പ്രതികൾ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവർ ഒന്നും പറഞ്ഞില്ല. മാത്രമല്ല, പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു ഇവരുടെ മൊഴി.
പീഡനത്തിനിരയായ പെൺകുട്ടിയുടെ ഫോേട്ടായാണ് ആദ്യ തുമ്പായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചളി ഇല്ലാതിരുന്നിട്ടും ചിത്രത്തിലുള്ള കുട്ടിയുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന ചളി മറ്റൊരു പ്രദേശത്തുവെച്ചാണ് പെൺകുട്ടി കൊല്ലപ്പെട്ടത് എന്നതിെൻറ തെളിവായിരുന്നു. അന്വേഷണം ഈ വഴിക്ക് നീങ്ങവെ ഫോട്ടോയിലെ ചളി ‘അപ്രത്യക്ഷമായി’. ഇതോടെ അന്വേഷണസംഘം കൂടുതൽ ഫോേട്ടാകൾ പരിശോധിച്ചു. ഇതിലൊന്നിലും, കുട്ടിയുടെ ശരീരത്തിൽ ചളിയില്ലായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ തെളിവ് നശിപ്പിക്കുന്നതായി മനസ്സിലായത്. തെളിവ് നശിപ്പിക്കാൻ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അലക്കിയിരുന്നു എന്നുകൂടി ബോധ്യമായതോടെ കള്ളൻ കപ്പലിൽതന്നെ എന്ന് ഉറപ്പിച്ചു.
പ്രതികളെക്കുറിച്ചും പൊലീസ് അന്വേഷണസംഘത്തിന് തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. മുഖ്യപ്രതിയായ സഞ്ജി റാം, മകൻ വിശാൽ ജൻഗോത്ര, ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരാണ് സംഭവത്തിെൻറ സൂത്രധാരന്മാർ എന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. എന്നാൽ, പ്രായപൂർത്തിയാകാത്ത ആളെ ഏക പ്രതിയാക്കാൻ പൊലീസ് നീക്കം നടത്തി.
ജല്ലയും സംഘവും അന്വേഷണത്തിന് ക്ഷേത്രത്തിലെത്തുമ്പോൾ പെൺകുട്ടിയെ ബന്ദിയാക്കി പാർപ്പിച്ചതിെൻറ തെളിവുണ്ടായിരുന്നില്ല. സഞ്ജി റാമിെൻറ പക്കൽനിന്ന് താക്കോൽ വാങ്ങി തുറന്ന് പരിശോധിച്ചപ്പോൾ മുടിയിഴകൾ കണ്ടെത്തി. ഡി.എൻ.എ പരിശോധനയിൽ ഇത് പെൺകുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണ് എന്ന് ഉറപ്പാക്കിയത്. കേസ് ഒതുക്കിത്തീർക്കാൻ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നൽകാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
കേസ് നേർവഴിക്കാണ് നീങ്ങുന്നതെന്ന് കണ്ടതോടെ പ്രതികളുടെ ഒത്താശക്കാർ പിന്മാറിത്തുടങ്ങി. തനിക്ക് സമ്മർദമുണ്ടായിരുന്നില്ലെന്ന് ജല്ല പറഞ്ഞു. മന്ത്രിമാരോ രാഷ്്ട്രീയക്കാരോ വിളിച്ചിട്ടില്ല. ശ്രീനഗർ സ്വദേശിയായ രമേഷ് കുമാർ ജല്ല 1984ലാണ് ഇൻസ്പെക്ടറായി പൊലീസിൽ ചേർന്നത്.
ദീപിക ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ്. കശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ ഇവർ 1986ൽ സ്വദേശമായ കരിഹാമയിൽനിന്ന് ജമ്മുവിലേക്ക് വന്നതാണ്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുകയെന്നതാണ് തെൻറ ലക്ഷ്യമെന്ന്, ഭീഷണികൾക്കിടയിലും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.