യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടം -കെ.സി. വേണുഗോപാല്‍

ന്യൂഡൽഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരചേരിക്കും കരുത്തായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു യെച്ചൂരിയുടേത്. ഇൻഡ്യ മുന്നണിയുടെ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ മികവ് എടുത്തു പറയേണ്ടതാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷത്തിന് മാത്രമേ രാജ്യത്തെ വര്‍ഗീയ വിമുക്തമാക്കാന്‍ കഴിയൂ എന്ന രാഷ്ടീയബോധം പേറിയിരുന്ന അപൂര്‍വം കമ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു സീതാറാം യെച്ചൂരി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവന ഇനിയുമേറെ പ്രതീക്ഷച്ച ഘട്ടത്തിലാണ് നിര്‍ഭാഗ്യകരമായ ഈ വിടവാങ്ങല്‍.

എം.പിയായി ഡല്‍ഹിയിലെത്തിയ കാലം മുതല്‍ നല്ല സൗഹൃദബന്ധമാണ് തനിക്ക് യെച്ചൂരിയുമായി ഉണ്ടായിരുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി അദ്ദേഹം അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിച്ചു. അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയുടെ പുരോഗതി അന്വേഷിക്കുന്നുണ്ടായിരുന്നു. യെച്ചൂരി തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ബി.ജെ.പിയുടെ വര്‍ഗീയ, ഫാഷിസ്റ്റ് നടപടികള്‍ക്കെതിരെ അവസാന ശ്വാസംവരെ പോരാടിയ യെച്ചൂരിയുടെ വേര്‍പാട് ഇൻഡ്യ മുന്നണിക്ക് വലിയ ആഘാതമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Full View

Tags:    
News Summary - KC Venugopal condolences to Sitaram Yechury's demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.