ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ്. കെഹാറിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനെതിരെ നല്‍കിയ ഹരജി വീണ്ടും തള്ളി. ജസ്റ്റിസ് ടി.എസ്. ഠാകൂറിന്‍െറ പിന്‍ഗാമിയായി ജസ്റ്റിസ് കെഹാര്‍ ഇന്ന് സ്ഥാനമേല്‍ക്കും. നേരത്തേ മറ്റ് രണ്ട് ഹരജികളും സുപ്രീംകോടതി തള്ളിയിരുന്നു.
കെഹാറിനെതിരായ ഹരജിയിലെ പൊതുതാല്‍പര്യത്തിന് പിന്നിലുള്ള കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കാറും ഡി.വൈ. ചന്ദ്രചൂഡും അഭിപ്രായപ്പെട്ടു. തേജ്സിങ് അശോക് റാവു ഗെയ്ക്വാദ് എന്നയാളാണ് ഹരജി സമര്‍പ്പിച്ചത്. ഇതേ വിഷയത്തില്‍ രണ്ട് ഹരജികള്‍ തള്ളിയതിനാല്‍ ഈ ഹരജിയും തള്ളുകയാണെന്ന് കോടതി പറഞ്ഞു.
ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ രൂപവത്കരിക്കാനുള്ള നീക്കം തടഞ്ഞ അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍െറ തലവനായിരുന്നു ജസ്റ്റിസ് കെഹാര്‍. ഈ വിധിയുടെ ആനുകൂല്യം കിട്ടിയത് കെഹാറിനാണെന്നായിരുന്നു പരാതി. കമീഷന്‍ നിലവില്‍ വരാതിരുന്നതോടെ കൊളീജിയം സമ്പ്രദായത്തിലൂടെ കെഹാറിന് ചീഫ് ജസ്റ്റിസായി നിയമനം കിട്ടിയത് റദ്ദാക്കണമെന്ന് ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.
കെഹാര്‍ ഇന്ന് അധികാരമേല്‍ക്കുന്നതിനാല്‍ ഹരജിക്കാരന്‍െറ അഭിഭാഷകന്‍െറ അഭ്യര്‍ഥനപ്രകാരം ഹരജി ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കുകയായിരുന്നു. കെഹാറിന്‍െറ നിയമനത്തിന് ഡിസംബര്‍ 19ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയിരുന്നു.
സിഖ് സമുദായത്തില്‍നിന്ന് ആദ്യ ചീഫ് ജസ്റ്റിസാകുന്ന കെഹാറിന് ഈ വര്‍ഷം ആഗസ്റ്റ് 27 വരെ പരമോന്നത നീതിപീഠത്തിന്‍െറ തലപ്പത്തിരിക്കാം. 2011 സെപ്റ്റംബര്‍ 13 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്.
കര്‍ണാടക, ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു. പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിന്‍െറ താല്‍കാലിക ചുമതലയും വഹിച്ചു. സുപ്രീംകോടതിയുടെ 44ാമത്തെ ചീഫ്ജസ്റ്റിസാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.