ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പിടിച്ചുലച്ച് അഴിമതി ആരോപണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മന്ത്രി സത്യേന്ദ്ര ജെയിനിൽനിന്ന് നിയമവിരുദ്ധമായി രണ്ടു കോടി രൂപ വാങ്ങുന്നത് താൻ നേരിൽ കണ്ടുവെന്ന് പുറത്താക്കപ്പെട്ട ജല വിഭവമന്ത്രി കപിൽ മിശ്ര ആരോപിച്ചു. ഞായറാഴ്ച രാവിലെ ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജലിനെ നേരിൽ കണ്ട് ഇതേ ആരോപണമുന്നയിച്ച മിശ്ര അതിനുശേഷം വാർത്തസമ്മേളനം നടത്തിയും കെജ്രിവാൾ പണം വാങ്ങിയെന്ന് ആവർത്തിച്ചു.
ശനിയാഴ്ച രാത്രി കെജ്രിവാളിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ കപിൽ മിശ്രയെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. ജലമന്ത്രി കപിൽ മിശ്ര സമർപ്പിച്ച നിരവധി ബില്ലുകളിൽ പാകപ്പിഴ കണ്ടതിനെ തുടർന്നാണ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്തതെന്നായിരുന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്. ഇതിനിടയിൽ ആദ്യം ട്വിറ്ററിലൂടെയും പിന്നെ വാർത്തസമ്മേളനം വിളിച്ചും മിശ്ര കെജ്രിവാളിനെതിരായ ആരോപണവുമായി രംഗത്തുവരുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ കെജ്രിവാളിന് രണ്ടു കോടി രൂപ നൽകുന്നത് താൻ കണ്ടുവെന്നും ആ രാത്രി മുഴുവനും തനിക്കുറങ്ങാൻ കഴിഞ്ഞിെല്ലന്നും മിശ്ര വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെജ്രിവാളിെൻറ ബന്ധുക്കൾക്കായി 50 കോടിയുടെ ഭൂമി ഇടപാട് ഒത്തുതീർപ്പിലെത്തിച്ചതായി സത്യേന്ദ്ര ജെയിൻ തന്നോട് പറഞ്ഞിരുന്നുവെന്ന് മിശ്ര പറഞ്ഞു. അനധികൃത പണമിടപാട് കേസിൽ സി.ബി.െഎ പ്രാഥമിക അന്വേഷണം നേരിടുന്നയാളാണ് സത്യേന്ദ്ര ജെയിൻ.
കെജ്രിവാൾ നിയമവിരുദ്ധമായ പണം വാങ്ങുന്നതിന് താൻ സാക്ഷിയാണ്. കസേരയല്ല ജീവൻ പോയാലും മിണ്ടാതിരിക്കാൻ സാധ്യമല്ല. ലഫ്റ്റനൻറ് ഗവർണറെ നേരിൽ കണ്ട് വിവരങ്ങളെല്ലാം കൈമാറിയെന്നും മിശ്ര പറഞ്ഞു. തനിക്കെതിരായ തീരുമാനം കെജ്രിവാൾ ഏകപക്ഷീയമായി കൈക്കൊണ്ടതാണെന്നും താനും മന്ത്രിസഭയും പാർട്ടി രാഷ്ട്രീയകാര്യ സമിതിയും അറിയാതെയാണ് നടപടിയെന്നും കപിൽ മിശ്ര ആരോപിച്ചു. കുടിവെള്ള ടാങ്കർ അഴിമതിയുമായി ബന്ധപ്പെട്ട് താൻ സമർപ്പിച്ച റിേപ്പാർട്ടാണ് പുറത്താക്കലിന് കാരണമായതെന്നും മിശ്ര ആരോപിച്ചു. രാവിലെ കെജ്രിവാളിനെ കണ്ട് വാട്ടർ ടാങ്കർ അഴിമതിയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തിയിരുന്നു. പാർട്ടിയിലുള്ള ചിലരുടെ പേരുകളും പറഞ്ഞു. ആ കൂടിക്കാഴ്ചക്കുശേഷമാണ് തന്നെ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയത്.
ആരോപണത്തിെൻറ അടിസ്ഥാനത്തിൽ കെജ്രിവാൾ രാജിവെക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയും കോൺഗ്രസും രംഗത്തുവന്നു. കെജ്രിവാളിനെതിരെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് അദ്ദേഹത്തിെൻറ വസതിക്കു മുന്നിൽ ദിനം നീണ്ട പ്രതിഷേധവും സംഘടിപ്പിച്ചു. ഗുരുതരമായ ആരോപണമാണിതെന്ന് പറഞ്ഞ ഡൽഹി പ്രദേശ് കോൺഗ്രസ് പ്രസിഡൻറ് അജയ് മാക്കൻ രണ്ടു കോടി വാങ്ങിയെന്ന ആരോപണത്തിൽ എന്ത് ഉത്തരമാണ് കെജ്രിവാളിനുള്ളതെന്ന് ചോദിച്ചു. കെജ്രിവാളിന് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് വ്യക്തമാക്കിയ ബി.ജെ.പി പ്രസിഡൻറ് മനോജ് തിവാരി അദ്ദേഹം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണം ഹീനമാണെന്ന് വിശേഷിപ്പിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പാർട്ടിക്കെതിരായ ഇൗ ആരോപണം ആരും വിശ്വസിക്കില്ലെന്നും മറുപടിപോലും അർഹിക്കുന്നിെല്ലന്നും വ്യക്തമാക്കി. കെജ്രിവാൾ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞാൽ ഒരാളും വിശ്വസിക്കില്ല എന്നു പറഞ്ഞ് കുമാർ വിശ്വാസും ആരോപണം തള്ളി. കെജ്രിവാൾ പണം വാങ്ങുന്നത് കണ്ടുവെന്ന് ഒരു മന്ത്രി പറയുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹമുയർന്ന കുമാർ വിശ്വാസിെൻറ ഏറ്റവുമടുത്തയാളാണ് ആരോപണമുന്നയിച്ച കപിൽ മിശ്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.