ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി മൂന്നാഴ്ചത്തേക്ക് നൽകിയ ജാമ്യം തെരഞ്ഞെടുപ്പു കളത്തിൽ പതറുന്ന ബി.ജെ.പിക്ക് പുതിയ തിരിച്ചടി. ജയിലിലേക്ക് പോകുന്നതിനു മുമ്പത്തെ കെജ്രിവാളിനേക്കാൾ കരുത്ത് ജയിലിൽ നിന്ന് ഇറങ്ങുന്ന കെജ്രിവാളിനാണെന്ന യാഥാർഥ്യത്തിനു മുന്നിലാണ് ബി.ജെ.പി. അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതോടെ ആം ആദ്മി പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ മുന്നണിയായ ഇൻഡ്യ സഖ്യത്തിനും ഇനി ഇരട്ടനാവ്.
ബി.ജെ.പി പ്രധാന ഗുണഭോക്താവായ ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയ ശേഷം തെരഞ്ഞെടുപ്പിന്റെ ഒത്ത നടുക്ക് ബി.ജെ.പിയും മോദിസർക്കാറും ഏറ്റുവാങ്ങുന്ന മറ്റൊരു ശക്തമായ ആഘാതമാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം.
2022ലെ കേസ് ഏറെക്കാലം വെച്ചുതാമസിപ്പിച്ച് തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മാത്രം കെജ്രിവാളിനെ അറസ്റ്റ്ചെയ്ത അന്വേഷണ ഏജൻസി നടപടിയുടെ രാഷ്ട്രീയ ദുരുദ്ദേശ്യം സുപ്രീംകോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ഇത് ബി.ജെ.പിയെ പ്രഹരിക്കാൻ എല്ലാ പ്രതിപക്ഷ കക്ഷികൾക്കും പുതിയ ആയുധം.
സിറ്റിങ് മുഖ്യമന്ത്രിയെ 50 ദിവസമാണ് കേന്ദ്ര അന്വേഷണ ഏജൻസി കുറ്റപത്രംപോലുമില്ലാതെ അകത്തിട്ടത്. കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നതിനെ സർവശക്തിയോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസവും സുപ്രീംകോടതിയിൽ എതിർത്തതാണ്.
ജാമ്യം നൽകാൻ പറ്റില്ലെന്ന വിചാരണ കോടതിയുടെയും ഡൽഹി ഹൈകോടതിയുടെയും നിലപാടുകൂടി തള്ളിയിരിക്കുകയാണ് സുപ്രീംകോടതി. ഇലക്ടറൽ ബോണ്ട് വിധിയുടെ കാര്യത്തിലെന്നപോലെ, കെജ്രിവാളിനെതിരായ നീക്കത്തെയും ന്യായീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ ബുദ്ധിമുട്ടും.
കെജ്രിവാളിന്റെ അറസ്റ്റ് ഡൽഹിയിലെ ഏഴു സീറ്റിന്റെ കാര്യത്തിൽ മാത്രമല്ല ഹരിയാന, പഞ്ചാബ്, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിൽ അനാഥത്വം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഡൽഹിയിലെ ഏഴു സീറ്റും വീണ്ടും കൈയടക്കാമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലാണ് കെജ്രിവാൾ പ്രചാരണത്തിന് എത്തുന്നതോടെ പാളുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ കെജ്രിവാളിന് പ്രചാരണത്തിന് നൽകുന്ന ഇടം ബി.ജെ.പിയുടെ മുഖം കൂടുതൽ മോശമാക്കും.
വോട്ടെടുപ്പ് മൂന്നു ഘട്ടം പിന്നിട്ടതിനൊത്ത് ബി.ജെ.പിയുടെ സാധ്യതാ ഗ്രാഫ് താഴ്ന്നുവരുമ്പോൾ തന്നെയാണ് പ്രതിപക്ഷത്തിന്റെ മുഖ്യപ്രചാരകരിലൊരാളായ കെജ്രിവാളിന്റെ ജയിലിറക്കം. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചു മോദിസർക്കാർ നടത്തുന്ന പ്രതിപക്ഷ വേട്ടയുടെ ഉദാഹരണ മുഖമായി തെരഞ്ഞെടുപ്പു കളത്തിലേക്ക് കെജ്രിവാൾ എത്തുന്നതു വഴി പ്രചാരണത്തിന്റെ അടുത്ത മൂന്നാഴ്ച പ്രതിപക്ഷത്തിന് പകർന്നുകിട്ടുന്ന ഊർജം ചെറുതല്ല.
അറസ്റ്റിനു പിന്നിൽ ആരോപിക്കപ്പെടുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ് ഇതോടെ പാളിയത്. ജൂൺ രണ്ടിന് കെജ്രിവാൾ വീണ്ടും ജയിലിൽ എത്തണം, ഓഫിസിൽ പോകാൻ പാടില്ല തുടങ്ങിയ നിബന്ധനകൾക്കപ്പുറം, ഇടക്കാല ജാമ്യം കിട്ടി എന്നതാണ് ആപിന്റെയും ഇൻഡ്യ മുന്നണിയുടെയും രാഷ്ട്രീയ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.