ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇ.ഡി കസ്റ്റഡിയിലായ സാഹചര്യത്തിൽ ഡൽഹിയിലെ ഭരണവും ആം ആദ്മി പാർട്ടിയുടെ പ്രവർത്തനവും അനിശ്ചിതത്വത്തിൽ.
കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയോ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്തിട്ടില്ല. അതേസമയം, അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലിരുന്നോ ജയിലിൽ കഴിഞ്ഞോ മുഖ്യമന്ത്രിയുടെ ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനാവില്ല. ഈ സാഹചര്യത്തിൽ ചുമതല കൈമാറുകയോ ഒഴിയുകയോ വേണമെന്ന് ലഫ്. ഗവർണറിലൂടെ കേന്ദ്രസർക്കാർ കെജ്രിവാളിനോട് ആവശ്യപ്പെടാനാണ് സാധ്യത. തയാറല്ലെങ്കിൽ കെജ്രിവാളിനെയും അതുവഴി ആപ് മന്ത്രിസഭയെയും ഡിസ്മിസ് ചെയ്യാൻ കേന്ദ്രം മടിക്കില്ല. അത് രാഷ്ട്രപതി ഭരണത്തിലേക്കുള്ള ചുവടുവെപ്പാണ്.
ഇത്തരത്തിൽ ആപ്പിനെ പുറന്തള്ളി തലസ്ഥാന നഗരം വരുതിയിലാക്കാനുള്ള അവസരം ബി.ജെ.പി പാഴാക്കില്ല. പുറത്താക്കപ്പെട്ടാൽ വീണ്ടും അധികാരത്തിൽ വരുന്നത് നിലവിലെ സാഹചര്യങ്ങളിൽ ആപ്പിന് ശ്രമകരമായി മാറുകയും ചെയ്യും. അഴിമതിക്കെതിരായ യുദ്ധവും ജനപ്രിയ നടപടികളും മുൻ സർക്കാറുകൾക്കെതിരായ ജനരോഷവുമാണ് അരവിന്ദ് കെജ്രിവാൾ അധികാരത്തിലേറുന്നതിന് ഘടകങ്ങളായത്. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ കെജ്രിവാളിന്, മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായെന്ന പ്രതിഛായയാണ് മോദിസർക്കാർ ചാർത്തിക്കൊടുത്തിരിക്കുന്നത്. കോർപറേറ്റുകൾക്ക് ഒത്താശചെയ്തതിന് പ്രത്യുപകാരമായി ഇലക്ടറൽ ബോണ്ടു വഴി ബി.ജെ.പിക്കായി കോടികൾ സമ്പാദിച്ചുവെന്ന കുറ്റം മോദിസർക്കാർ നേരിടുന്നുവെന്നത് മറുപുറം.
പക്ഷേ, മുൻകാലങ്ങളിൽ ആം ആദ്മി പാർട്ടിയോട് ഡൽഹിക്കാർക്കുണ്ടായിരുന്ന സ്നേഹവായ്പ് അതേപടി ആവാഹിക്കാൻ കെജ്രിവാൾ അറസ്റ്റുചെയ്യപ്പെട്ട ഘട്ടത്തിൽ ആപ്പിന് സാധിക്കാത്തത് ബി.ജെ.പിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ആപ് വീണാൽ ബി.ജെ.പിയാണ് മുതലാക്കുക. വീഴാതിരിക്കാൻ പ്രതിപക്ഷ മുന്നണിക്കൊപ്പംനിന്ന് കോൺഗ്രസുമായി സഹകരണത്തിന്റെ പാലമിടാൻ കെജ്രിവാൾ ശ്രദ്ധിച്ചതിന്റെ തെളിവാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്-ആപ് സീറ്റ് പങ്കിടൽ. എന്നാൽ, ഇനിയും ഡൽഹിയിൽ ശൗര്യം വീണ്ടെടുക്കാൻ കഴിയാത്ത കോൺഗ്രസിന് കെജ്രിവാളിന്റെ അസാന്നിധ്യത്തിൽ തെരഞ്ഞെടുപ്പു കളത്തിൽ ബി.ജെ.പിയെ നേരിടാൻ പരിമിതികളുണ്ട്.
ആം ആദ്മി പാർട്ടിയാകട്ടെ കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങി മുൻനിരയിലെ നാലു നേതാക്കളില്ലാത്ത വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കാതെ നോക്കാൻ ധനമന്ത്രി അതിഷി അടക്കം മറ്റു നേതാക്കൾക്ക് കഴിയുമോ എന്ന് കണ്ടറിയണം. പാർട്ടിയുടെ നേതൃത്വം കെജ്രിവാൾ ആർക്കു കൈമാറും, സംഘടിതമായ പ്രവർത്തനം എത്രത്തോളം സാധ്യമാകും തുടങ്ങിയ വിഷയങ്ങളും ചുറുചുറുക്കിന്റെ ചരിത്രമുള്ള ആപ്പിനു മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.