ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ സുനിത കെജ്‌രിവാൾ. ഒരു മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്റെ ഭർത്താവിനെ മദ്യനയ കേസിൽ കുടുക്കിയതെന്ന് ജന്തർ മന്തറിൽ നടന്ന ഇൻഡ്യ ബ്ലോക്ക് റാലിയെ അഭിസംബോധന ചെയ്ത് അവർ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇൻഡ്യ ബ്ലോക്ക് നേതാക്കൾ ജന്ദർമന്തറിൽ ഒത്തുകൂടിയത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്റെ ഭർത്താവിനെ ജയിലിൽ അടച്ചിരിക്കുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകുമെന്ന് സുനിത പറഞ്ഞു. മാർച്ചിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അദ്ദേഹത്തെ തെളിവുകളില്ലാതെയാണ് ജയിലിലടച്ചത്.
അരവിന്ദ് കെജ്‌രിവാളുമായി മഗുന്ത റെഡ്ഡി ഒരു തവണ മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെകൊണ്ട് നിർബന്ധിച്ച് കെജ്രിവാളിനെതിരെ ഇ.ഡി മൊഴി കൊടുപ്പിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു. തന്റെ ഭർത്താവ് 22 വർഷമായി പ്രമേഹബാധിതനാണ്. ഷുഗർ കൂടുന്നത് നിയന്ത്രിക്കാൻ ഇൻസുലിൻ എടുക്കാൻ അദ്ദേഹത്തിന് കോടതിയിൽ പോകേണ്ടിവന്നുവെന്നും അവർ പറഞ്ഞു.
400 കടക്കുക എന്ന മുദ്രാവാക്യം വിളിച്ച ബിജെപി 240ൽ ഒതുങ്ങിയെന്നും അഹങ്കാരം അൽപ്പം കുറഞ്ഞുവെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഇത് ജനങ്ങൾ തകർക്കുമെന്നും സുനിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.