രാജ്യത്ത് ഏറ്റവും മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനം കേരളമെന്ന പബ്ലിക് അഫേഴ്സ് ഇൻഡക്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൻ. ഇതേ റിപ്പോർട്ടിൽ ഏറ്റവും പിറകിലുള്ളത് യു.പിയാണ്. ഇൗ വൈരുധ്യത്തെ ചൂണ്ടിക്കാട്ടി കേരളമാണ് രാമരാജ്യമെന്നും യു.പി യമരാജ്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 'കേരളം മികച്ച ഭരണം നടത്തുന്നതായും ഉത്തർപ്രദേശ് ഏറ്റവും മോശം അവസ്ഥയിലാണെന്നും പബ്ലിക് അഫയേഴ്‌സ് സെനർർ റിപ്പോർട്ട്. രാമരാജ്യം Vsയമരാജ്യം'-അദ്ദേഹം കുറിച്ചു.
മുൻ ഐ.എസ്.ആർ.ഒ ചെയർമാർ കെ.കസ്തൂരിരംഗൻ ചെയർമാനായ സ്വതന്ത്രസംഘടനയാണ് പി.എ.സി. അവർ നടത്തിയ പഠനത്തിലാണ് വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതും യു.പി അവസാനവുമെത്തിയത്. മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ ആദ്യ നാല് സ്ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കരസ്ഥമാക്കി. കേരളത്തിന് 1.388 ഇൻഡക്സ് പോയൻറ് ലഭിച്ചപ്പോൾ തമിഴ്നാടിന് 0.912ഉം ആന്ധ്രക്ക് 0.531ഉം കർണാടകക്ക് 0.468മാണുള്ളത്. ഉത്തർപ്രദേശാണ് ഏറ്റവും പിറകിൽ . ഒഡീഷ, ബിഹാർ എന്നിവയാണ് മോശം പ്രകടനത്തിൽ ഉത്തർപ്രദേശിന് തൊട്ടുമുമ്പിൽ.
ഇവ മൂന്നിനും ഇൻഡക്സിൽ നെഗറ്റീവ് പോയൻറ് ആണ് ലഭിച്ചത്. ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാമത്. മേഘാലയ രണ്ടാമതും ഹിമാചൽ പ്രദേശ് മൂന്നാമതുമാണ്. ചെറിയ സംസ്ഥാനങ്ങളിൽ മണിപ്പൂരും ഡൽഹിയും ഉത്തരാഖണ്ഡും നെഗറ്റീവ് പോയൻറുമായി ഏറ്റവും പിന്നിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.