ചെന്നൈ: തബ്ലീഗുകാർ സാധാരണ മനുഷ്യരാണെന്നും ക്രിമിനലുകളല്ലെന്നും മദ്രാസ് ഹൈകോടതി. ലോക്ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ വിദേശികളായ 31 തബ്ലീഗ് പ്രവർത്തകർക്ക് ജാമ്യം അനുവദിക്കവേയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വിസ വ്യവസ്ഥകൾ ലംഘിച്ചുവെന്നതിന് കുറ്റവാളികളായി കാണാൻ കഴിയില്ല. സ്വന്തം നാട്ടിലെ വായു ശ്വസിക്കാൻ ഇവർ ആഗ്രഹിക്കുന്നു. സഹാനുഭൂതിയും വിവേകപൂർണമായ ഇടപെടലുമാണ് വേണ്ടത് -കോടതി ചൂണ്ടിക്കാട്ടി. മാർച്ചിൽ ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്ത് സംഗമത്തിൽ പങ്കെടുത്ത ഇവരെ ലോക്ഡൗൺ ലംഘിച്ചുവെന്നാരോപിച്ചാണ് ചെന്നൈയിലെ പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തത്.
“അവർ സാധാരണ മനുഷ്യരാണ്. ഇപ്പോൾ അസാധാരണ ചുറ്റുപാടുകളിൽ കുടുങ്ങിയിരിക്കുന്നു. മതപരമായ ആവശ്യത്തിനാണ് ഇവിടെയെത്തിയത്. പക്ഷേ, ഉദ്ദേശിച്ച കാര്യം നടന്നില്ല. ഇപ്പോൾ തിരികെ സ്വന്തം കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു” -ജസ്റ്റിസ് സ്വാമിനാഥൻ ജൂൺ 12ലെ ഉത്തരവിൽ പറഞ്ഞു.
ജാമ്യത്തിന് അപേക്ഷിച്ച ഇവരെ ‘തബ്ലീഗുകാർ’ എന്ന നിലയിലല്ല പരിഗണിക്കേണ്ടതെന്നും നീതി വ്യക്തിഗതമാണെന്നും ജഡ്ജി ഓർമിപ്പിച്ചു. അത്തരം വർഗീകരണം ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുമെന്നും വിധിന്യായത്തിൽ മുന്നറിയിപ്പ് നൽകി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അവർക്ക് ഇളവിന് അർഹതയുണ്ട്. കേസ് നടപടി അവസാനിക്കുന്നതുവരെ ജയിലിന് സമാനമായ അവസ്ഥയിൽ ഇന്ത്യയിൽ തടഞ്ഞുവെക്കുന്നത് തുല്യതയെയും നീതിയെയും വ്രണപ്പെടുത്തും. മജിസ്‌ട്രേറ്റിന് മുന്നിൽ ഓൺലൈനായി ബോണ്ട് സമർപ്പിച്ചാൽ വിട്ടയക്കണം. സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അവരുടെ എംബസികളുമായി ബന്ധപ്പെടാം. അതുവരെ ഫോറിൻ ആക്ട് പ്രകാരം പ്രത്യേക കേന്ദ്രത്തിലോ ചെന്നൈയിലെ ജാമിയ ഖാസിമിയ അറബിക് സെൻററിലോ താമസിക്കാനുള്ള ക്രമീകരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
കോവിഡ് ഭീതിക്കിടെ അശ്രദ്ധവും നിരുത്തരവാദപരവുമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചതിന് തബ്ലീഗ് ജമാഅത്ത് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നതായി കോടതി നിരീക്ഷിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രവർത്തകർ വിസ വ്യവസ്ഥ ലംഘിച്ചതായി സമ്മതിച്ച് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അടുത്ത 10 വർഷത്തേക്ക് ഇന്ത്യയിൽ പ്രവേശിക്കില്ലെന്നും അവർ കോടതി മുമ്പാകെ അറിയിച്ചു.
2020 ഏപ്രിൽ ആദ്യ വാരത്തിലാണ് 31 പേരെയും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ല. തടവ് അനന്തമായി നീട്ടുന്നതിൽ കാര്യമില്ല. വിദേശികളായതിനാൽ ജാമ്യനടപടികൾ പൂർത്തികരിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും -കോടതി പറഞ്ഞു. രണ്ട് മാസത്തിലേറെയായി ഇവരെ ജയിലിലടച്ചത് ചൂണ്ടിക്കാട്ടിയ ബെഞ്ച്, വൈറസ് വ്യാപനത്തിന് തങ്ങൾ കാരണമായിട്ടില്ലെന്ന ഇവരുടെ വാദവും അംഗീകരിച്ചു.
അപേക്ഷകർ ഇതിനകം തന്നെ മതിയായ പ്രയാസം അനുഭവിച്ചിട്ടുണ്ടെന്നും അവരെ ഇനിയും പീഡിപ്പിക്കുന്നതായി അറിഞ്ഞാൽ ഇടപെടാൻ ബാധ്യസ്ഥനാണെന്നും ജഡ്ജി പറഞ്ഞു. ഹരജിക്കാർ നേരിടുന്ന അവകാശലംഘനം തടയുന്നതിൽ ജഡ്ജി പരാജയപ്പെടുന്നത് ജുഡീഷ്യൽ സ്ഥാനം ഒഴിയുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.