ന്യൂഡൽഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) നഷ്ടപരിഹാരക്കണക്കിൽ കേരളത്തിന് കുടിശ്ശിക നിൽക്കുന്നത് അക്കൗണ്ടന്‍റ് ജനറലി(എ.ജി)ന്‍റെ സാക്ഷ്യപത്രം യഥാസമയം സമർപ്പിക്കാത്തതുകൊണ്ടാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ജി.എസ്.ടി സമ്പ്രദായം നടപ്പാക്കിയശേഷം ഇതുവരെയുള്ള ഒരു വർഷത്തെയും എ.ജി സർട്ടിഫിക്കറ്റ് കേരളം നൽകിയിട്ടില്ല. 2017ലാണ് ജി.എസ്.ടി നടപ്പാക്കിയത്. 2017-18, 2018-19, 2019-20, 2020-21 എന്നീ സാമ്പത്തികവർഷങ്ങളിലെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല.
2022 മേയ് 31 വരെയുള്ള കണക്കുപ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകേണ്ടതിൽ ബാക്കിനിന്ന 86,912 കോടി രൂപ കൊടുത്തുതീർത്തിട്ടുണ്ട്. ഏതു സംസ്ഥാനത്തിന് എത്ര തുക നൽകുന്നുവെന്ന കാര്യം തീരുമാനിക്കുന്നത് കേന്ദ്ര സർക്കാറല്ല, ജി.എസ്.ടി കൗൺസിലാണ്. കേന്ദ്രവും സംസ്ഥാനങ്ങളും അക്കൗണ്ടന്‍റ് ജനറലുമായി ഉണ്ടാക്കിയിട്ടുള്ള വ്യവസ്ഥപ്രകാരം തുക വിട്ടുകൊടുക്കുന്നതിന് എ.ജിയുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഇത് പരസ്പരം അംഗീകരിക്കപ്പെട്ടതുമാണ്.
ജി.എസ്.ടി നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ കാര്യക്ഷമത കാണിച്ചേ മതിയാവൂ. അക്കൗണ്ടന്‍റ് ജനറലിന്‍റെ പക്കൽനിന്ന് സർട്ടിഫിക്കറ്റ് കിട്ടുന്നതിന് മതിയായ നടപടികൾ പൂർത്തിയാക്കണം. ഈ സർട്ടിഫിക്കറ്റില്ലാതെ ഒരു പരിധിക്കപ്പുറം ധനമന്ത്രിക്ക് മുന്നോട്ടുപോകാൻ പ്രയാസമാണ്. സർട്ടിഫിക്കറ്റ് നൽകാതെ, കേന്ദ്രം പണം അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തുകയാണ് കേരള സർക്കാർ ചെയ്യുന്നത്.
ജി.എസ്.ടി കുടിശ്ശിക നൽകാത്ത വിഷയത്തെക്കുറിച്ച് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു ധനമന്ത്രി. എ.ജി സർട്ടിഫിക്കറ്റ് ഒന്നിച്ച് അയക്കണമെന്ന് സംസ്ഥാന സർക്കാറിനോട് അഭ്യർഥിക്കാൻ എൻ.കെ. പ്രേമചന്ദ്രനോട് ധനമന്ത്രി പറഞ്ഞു. അത് കിട്ടിക്കഴിഞ്ഞാൽ ന്യായമായ സമയത്തിനകം ജി.എസ്.ടി ഇനത്തിൽ ബാക്കിയുള്ള തുക പാസാക്കാം.
ഒരു വർഷത്തെ എ.ജി സർട്ടിഫിക്കറ്റുപോലും നൽകാതെ, യഥാസമയം പണം കിട്ടുന്നില്ലെന്ന് കേന്ദ്രത്തെ പഴിക്കരുത്. ധനകമീഷൻ റിപ്പോർട്ടുപ്രകാരം ഒന്നിനു പകരം രണ്ടു ഗഡു നികുതിവിഹിതം എല്ലാ സംസ്ഥാനങ്ങൾക്കും നൽകിക്കഴിഞ്ഞു. അതിന്‍റെ നേട്ടം കേരളത്തിനും കിട്ടിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.