ബംഗളൂരു: നിയമലംഘനത്തിന് പിഴയീടാക്കിയിട്ടും ഒരു വിധ പ്രകോപനവുമില്ലാതെ മലയാളി ഡ്രൈവറെ അകാരണമായി ട്രാഫിക് പൊലീസുകാർ മർദിച്ചതായി പരാതി. ബംഗളൂരുവിൽ മിനറൽ വാട്ടർ വിതരണക്കാരനായ വയനാട് പടിഞ്ഞാറത്തറ സ്വദേശി എം.കെ. മുജീബിനാണ് (32) ക്രൂരമായ മർദനമേറ്റത്. ശനിയാഴ്ച രാവിലെ പത്തോടെ ഗുഡ്സ് വാഹനത്തിൽ മിനറൽ വാട്ടറുമായി പോകുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. എച്ച്.എ.എൽ പൊലീസ് സ്റ്റേഷന് സമീപത്തെ വാഹന പരിശോധനക്കിടെ കാക്കി യൂനിഫോം ഇല്ലെന്നുപറഞ്ഞ് താക്കോൽ ഊരിയെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ട്രാഫിക് പൊലീസുകാരന് പിന്നാലെ മുജീബും സ്റ്റേഷനിലെത്തി.
യൂനിഫോം ഇല്ലാത്തതിന് 1000 രൂപയും സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയും പിഴ എഴുതി. സീറ്റ് ബെൽറ്റ് ഇട്ടിരുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഇട്ടിരുന്നില്ലെന്ന നിലപാടിൽ ട്രാഫിക് പൊലീസ് ഉറച്ചുനിന്നു. തുടർന്ന് 1500 രൂപ പിഴയടച്ചു. ഒാരോ മാസവും പണം തന്നാലെ മര്യാദക്ക് വാഹനമോടിക്കാൻ കഴിയുകയുള്ളൂവെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് മുജീബ് പറയുന്നു. മലയാളികളെ അവഹേളിക്കുന്ന രീതിലാണ് പൊലീസുകാർ സംസാരിച്ചതെന്നും മുജീബ് പറഞ്ഞു.
പണം നൽകുന്നതും മറ്റും ഉടമയുമായി സംസാരിച്ചോളാൻ പറഞ്ഞ് തിരിച്ചുപോകാനിരുന്ന മുജീബിെൻറ ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു. അകത്തിടാൻ ഫോണിൽ വല്ലതും ഉണ്ടോയെന്ന് നോക്കട്ടെയെന്നാണ് പൊലീസുകാരൻ പറഞ്ഞത്. എന്നാൽ, ഒന്നും കിട്ടാതായതോടെ പ്രകോപനമൊന്നുമില്ലാതെ പുറത്തിറങ്ങിയ മുജീബിനെ അകത്തേക്കു പിടിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. നാഭിക്കും ചവിട്ടേറ്റിട്ടുണ്ട്. നാഗരാജ് എന്ന ട്രാഫിക് െപാലീസുകാരനാണ് മർദനത്തിന് നേതൃത്വം നൽകിയതെന്നാണ് പരാതി.
പരിക്കേറ്റ മുജീബിനെ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൂഡിയിലാണ് മുജീബ് താമസിക്കുന്നത്. അകാരണമായി മര്‍ദിച്ചതിന് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.