ഖാർഗോൻ സംഘർഷം: പ്രതിചേർക്കപ്പെട്ടവർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന്; തെളിവുകൾ നിരത്തി കുടുംബം

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോനിൽ രാമനവമി ആഘോഷത്തിനിടെ കലാപം സൃക്ഷ്ടിച്ച കേസിൽ പ്രതിചേർക്കപ്പെട്ട രണ്ട് പേർ അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ. ഒളിവിൽ കഴിയുന്ന രണ്ട് പേരും അറസ്റ്റ് ഭയന്ന് ഇൻഡോറിലേക്ക് മടങ്ങാൻ തയ്യാറാകുന്നില്ലെന്ന് കുടുംബവും അയൽവാസികളും പറഞ്ഞു.

ഏപ്രിൽ 11, 12 തീയതികളിൽ ഖാർഗോൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കലാപക്കേസുകളിൽ പ്രതിയാണ് ഫരീദെന്ന യുവാവ്. ഏപ്രിൽ 10 ന് ഖാർഗോനിലെ സഞ്ജയ് നഗറിൽ ആളുകളുടെ സ്വത്തുക്കൾക്ക് തീയിട്ട് കലാപമുണ്ടാക്കിയെന്നാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കുറ്റം.

എന്നാൽ വീട് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ ഫരീദ് ഏപ്രിൽ 9 മുതൽ 11 വരെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ഏപ്രിൽ 10ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നയാൾക്ക് എങ്ങനെയാണ് കലാപമുണ്ടാക്കാൻ സാധിക്കുകയെന്നും കുടുംബം ചോദിച്ചു. ഫരീദ് ഇപ്പോൾ എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. ഏപ്രിൽ 11 മുതൽ അദ്ദേഹത്തിന്റെ ഫോൺ ഓഫാണെന്നും ബന്ധുക്കൾ പറഞ്ഞു. തങ്ങളുടെ ആരോപണം ശരിയാണണെന്ന് തെളിയിക്കുന്നതിന് വേണ്ടി ആശുപത്രിയിൽ നിന്ന് ഫരീദിനെ ഡിസ്ചാർജ് ചെയ്ത രേഖകൾ കുടുംബം മാധ്യമങ്ങൾക്ക് കാണിച്ചു കൊടുത്തു.

ഫരീദിനൊപ്പം പ്രതിചേർക്കപ്പെട്ടിട്ടുള്ള അസാം എന്നയാളുടെ ബന്ധുക്കളും ഇത്തരത്തിൽ ആരോപണങ്ങളുമായി രംഗത്തെത്തി. ഏപ്രിൽ 8ന് ബേക്കറി ഉൾപ്പന്നങ്ങളുമായി അദ്ദേഹം കർണാടകയിലേക്ക് പോയെന്ന് അസമിന്‍റെ ഭാര്യ പറഞ്ഞു. ഏപ്രിൽ 14ന് ഇൻഡോറിൽ തിരികെ എത്തിയപ്പോയാണ് പ്രതി ചേർക്കപ്പെട്ടിട്ടുള്ള വിവരം ൾ അറിയുന്നത്. ഇതിന് ശേഷം അസം എവിടെയാണെന്ന് അറിയില്ലെന്ന് ഭാര്യ പറഞ്ഞു. ഭർത്താവിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ഇരകളുടെ പരാതിയിലാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതികളുടെ കുടുംബത്തിന്റെ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ അന്വേഷണത്തിൽ തിരുത്തൽ നടപടി സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Tags:    
News Summary - Khargon Conflict: Defendants were not on the scene; The family lined up the evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.