മുംബൈ: ഇൻഷുറൻസ് തുകക്ക് വേണ്ടി വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ലാത്തൂർ ത്രേണാപൂർ സ്വദേശി മഞ്ചക് ഗോവിന്ദ് പവാർ (45) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.
ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഒരു കോടി രൂപ ലഭിക്കാനാണ് ഭാര്യയായ ഗംഗാബായി (37) ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 11ന് അഹമ്മദ്‌നഗർ ഹൈവേയിലെ ബീഡ് പിമ്പർഗവൻ റോഡിലാണ് പവാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലക്കേറ്റ മർദനമാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമായി.
തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനും കൊലപാതകം അപകടമായി മാറ്റാനും ഗംഗാബായി ശ്രമിച്ചിരുന്നു. ഭാര്യയുടെ മൊഴിയിൽ തുടക്കം മുതലേ സംശയം തോന്നിയതോടെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു.
പിന്നീട്, ഇവർ കുറ്റം സമ്മതിച്ചു. കൊലയാളികളെ ഗംഗാബായി വാടകക്കെടുക്കുകയും കൃത്യം നടത്താൻ രണ്ട് ലക്ഷം രൂപ വീതം നൽകുകയും ചെയ്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംഭവത്തിൽ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.