കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയെ 'പുറംനാട്ടുകാരി' എന്നുവിളിച്ച് അപഹസിച്ച കെ.എൽ.ഒ മേധാവിക്കെതിരെ യു.എ.പി.എ ചാർത്തി കേസെടുത്തു. നിരോധിത സംഘടനയായ കംതാപൂർ ലിബറേഷൻ ഓർഗനൈസേഷൻ (കെ.എൽ.ഒ) മേധാവി ജിബോൺ സിംഗക്കെതിരെയാണ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി കേസെടുത്തത്. പശ്ചിമ ബംഗാളിന്‍റെ വടക്കൻ പ്രദേശങ്ങൾ ഉൾപെടുത്തി പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നും സിംഗ ആവശ്യമുന്നയിച്ചിരുന്നു.
പശ്ചിമ ബംഗാൾ, കേന്ദ്ര സർക്കാറുകൾ 'വിദേശ' സർക്കാറുകളാണെന്നത് ഉൾപെടെ ഒളിവിലിരുന്ന് സിംഗ നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ൈവറലായിരുന്നു. ഇതോടെയാണ് ബംഗാൾ സ്പെഷൽ ടാസ്ക് ഫോഴ്സ് രാജ്യദ്രോഹ കേസ് ചുമത്തിയത്. ബംഗാളിന്‍റെ വടക്കൻ പ്രദേശങ്ങൾ ഉൾപെടുത്തി സംസ്ഥാനം രൂപവത്കരിക്കണമെന്ന കേന്ദ്ര മന്ത്രി ജോൺ ബാർലയുടെ അഭിപ്രായത്തെ കെ.എൽ.ഒ മേധാവി പിന്തുണക്കുകയും ചെയ്തു. വടക്കൻ ബംഗാളിനെ കേന്ദ്ര ഭരണ പ്രദേശമായി മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ബാർലയെ ഇക്കഴിഞ്ഞ പുനഃസംഘടനയിലാണ് കേന്ദ്ര മന്ത്രിസഭയിൽ ഉൾപെടുത്തിയത്.
'ഇത്തരം കാര്യങ്ങൾ പലതും പറയുന്ന ആ വിഡിയോയെ അടിസ്ഥാനമാക്കിയാണ് ജിബോൺ സിംഗക്കെതിരെ കേസ് എടുത്തത്. വിഡിയോയുടെ ഉറവിടം ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.' -ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.
1995ൽ രൂപം കൊണ്ട കെ.എൽ.ഒയെ ഭീകരവാദ ഗ്രൂപ്പായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഓൾ കംതാപൂർ സ്റ്റുഡന്റ്സ് യൂനിയൻ (എ.കെ.എസ്.യു) പ്രവർത്തകരായിരുന്ന ചിലരാണ് സംഘടനക്ക് പിന്നിൽ. കംതാപൂർ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സായുധ സമരവുമായി ഇവർ രംഗത്തിറങ്ങുകയായിരുന്നു. ബംഗാളിലെ ജില്ലകളായ കൂച്ച് ബിഹാർ, ഡാർജിലിങ്, ജയ്പാൽഗുഡി, ഉത്തർ ദിനാജ്പൂർ, ദക്ഷിൺ ദിനാജ്പൂർ, മാൽഡ അസമിലെ നാലു ജില്ലകൾ, ബിഹാറിലെ കിഷൻഗഞ്ച്, നേപ്പാളിലെ ഝാപ ജില്ല എന്നിവ ഒന്നിച്ചുചേർത്ത് കംതാപൂർ രാജ്യം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.