മുംബൈ: സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള മുംബൈ യൂനിറ്റ് അന്വേഷിച്ചിരുന്ന ആര്യൻ ഖാന്‍റെതുൾപ്പടെയുള്ള ആറ് കേസുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) ഏൽപിച്ചിരുന്നു.
1996 ബാച്ച് ഐ.പി.എസ് ഓഫീസറും എൻ.സി.ബിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ (ഡി.ഡി.ജി) സഞ്ജയ് കുമാർ സിങ് ആണ് പുതിയ അന്വേഷണ സംഘത്തിന്‍റെ തലവൻ. കേസുകൾ ഏറ്റെടുക്കാൻ എസ്.ഐ.ടി സംഘം ഇന്ന് ഡൽഹിയിൽ നിന്ന് ഇന്ന് മുംബൈയിലെത്തും.
1996 ബാച്ച് ഒഡീഷ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ്. ഒഡീഷ പൊലീസിലും സി.ബി.ഐയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
എൻ.സി.ബിയിലെത്തുന്നതിന് മുമ്പ് ഒഡീഷ പൊലീസിൽ ഡ്രഗ് ടാസ്ക് ഫോഴ്സിന്റെ ചുമതലയുള്ള അഡീഷനൽ ഡയരക്ടർ ജനറലായിരുന്നു. അക്കാലത്ത് നിരവധി ലഹരി നിർമാർജ്ജന യജ്ഞങ്ങൾക്ക് നേതൃത്വം നൽകിയ സഞ്ജയ് ഭുവനേശ്വറിലെ ലഹരി മാഫികൾക്ക് മുക്കുകയറിട്ടു.
2008 മുതൽ 2015 വരെ സി.ബി.ഐയിൽ പ്രവർത്തിച്ച അദ്ദേഹം നിരവധി സുപ്രധാന കേസുകൾ അന്വേഷിച്ചു. ഒഡീഷ പൊലീസിൽ അഡീഷനൽ കമീഷണർ, ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2021 ജനുവരിയിലാണ് ഡെപ്യൂേട്ടഷനിൽ ഡെപ്യൂട്ടി ഡയരക്ടർ ജനറലായി എൻ.സി.ബിയിലെത്തിയത്.
ആര്യൻ ഖാൻ കേസിലെ നടപടിക്രമങ്ങളിലെ വീഴ്ചകളും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളിൽ എൻ.സി.ബിയുടെ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. സമീർ വാങ്കഡെ ഉൾപ്പെടെയുളള എൻ.സി.ബി ഉദ്യോഗസ്ഥരുടെതുൾപ്പടെയുള്ളവരുടെ മൊഴികൾ വിജിലൻസ് സംഘം ശേഖരിച്ചുകഴിഞ്ഞു.
ഒക്ടോബർ മൂന്നിനാണ് ക്രൂയിസ് കപ്പലിൽ റെയ്ഡ് നടത്തി ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ച ജയിലിൽ കഴിഞ്ഞ ആര്യന് കഴിഞ്ഞ ആഴ്ചയാണ് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. പുതിയ അന്വേഷണ സംഘം കേസ് രേഖകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.