ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ നീളം കുറക്കുന്നതിനായി നിർദേശങ്ങളൊന്നും നിലവിലില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ പറഞ്ഞു. വിമാനത്താവള ദുരന്തത്തിന്റെ കാരണങ്ങൾ പരിശോധിക്കുന്ന സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി വിദഗ്ധർ രൂപപ്പെടുത്തി വരുന്ന മാർഗനിർദേശങ്ങൾ ഭേദഗതി കൂടാതെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി കോ-ചെയർമാനുമായ എം.കെ. രാഘവന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. മലബാറിൽനിന്നുള്ള എം.പി മാരുടെ സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോടൊപ്പം മന്ത്രിയെ കഴിഞ്ഞ ആഴ്ച ചെന്നു കണ്ടപ്പോൾ റണ്‍വേ നീളം കുറക്കാനുള്ള നടപടികൾ ഉണ്ടാവില്ലെന്ന് വാക്കാൽ ഉറപ്പു നൽകിയിരുന്നു.
എന്നാൽ, നീളം കുറക്കുന്ന കാര്യത്തിൽ വിമാനത്താവള അതോറിറ്റി മുൻപ് നൽകിയ നിർദേശം സംബന്ധിച്ച രേഖ തന്റെ കൈവശം ഉണ്ടെന്ന് എം.കെ. രാഘവൻ സഭയിൽ വിശദീകരിച്ചു. അതുകൊണ്ടു തന്നെ മന്ത്രി നൽകിയ മറുപടി ശരിയല്ല. ഉദ്യോഗസ്ഥര്‍ മന്ത്രിയെയും സഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും എം.കെ. രാഘവൻ പറഞ്ഞു. എന്നാൽ, നിലവിൽ അത്തരം നിർദേശങ്ങളൊന്നും ഇല്ലെന്ന മറുപടിയിൽ മന്ത്രി ഉറച്ചുനിന്നു. രേഖകൾ ഉയര്‍ത്തിക്കാട്ടിയെങ്കിലും എം.കെ. രാഘവനെ തുടർന്നു സംസാരിക്കാൻ സ്പീക്കർ അനുവദിച്ചില്ല.
തൊട്ടുപിന്നാലെ പാർലമെന്റ് മന്ദിരത്തിൽവെച്ച് മന്ത്രി വി. മുരളീധരന്റെ സാന്നിധ്യത്തിൽ വ്യോമയാന മന്ത്രിയെ എം.പി വീണ്ടും കണ്ടു. വിമാനത്താവള അതോറിട്ടി നേരത്തെ പുറത്തിറക്കിയ നടപടി നിർദേശങ്ങളുടെ പകർപ്പ് കൈമാറുകയും ചെയ്തു. റൺവേ നീളം കുറക്കാനുള്ള നടപടികൾ ഒരിക്കലുമുണ്ടാവില്ലെന്ന് സിന്ധ്യ ഉറപ്പു നൽകിയതായി എം.കെ. രാഘവൻ പറഞ്ഞു.
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കൽ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നീളുന്നു. ഫെബ്രുവരി നാലിന് മലബാറിലെ വിവിധ എം.പിമാർ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ചപ്പോഴാണ് റൺവേ നീളം കുറക്കില്ലെന്ന് വ്യക്തമാക്കിയത്. വ്യാഴാഴ്ച മന്ത്രി ലോക്സഭയിലും ഇക്കാര്യം വ്യക്തമാക്കിയെങ്കിലും നടപടികൾ നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ഇതുവരെ വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന് ലഭിച്ചിട്ടില്ല. വ്യോമയാന സെക്രട്ടറി അധ്യക്ഷനായ ഒമ്പതംഗ സമിതിയുടെ റിപ്പോർട്ടിനുശേഷം തുടർനടപടികളെന്നാണ് മന്ത്രി വ്യക്തമാക്കിയത്. റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) 90 മീറ്ററുള്ളത് 150 മീറ്ററായി ഇരുവശത്തും നീട്ടാനാണ് അതോറിറ്റി ആസ്ഥാനത്തുനിന്ന് നിർദേശം ലഭിച്ചത്. ഇതോടെ, 2,860 മീറ്റർ നീളമുള്ള റൺവേ 2,540 ആയി ചുരുങ്ങും.
ജനുവരി 28നാണ് ഇതു സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ കത്ത് അതോറിറ്റി ആർക്കിടെക്ട് വിഭാഗത്തിലെ സീനിയർ മാനേജറിൽനിന്ന് കരിപ്പൂരിൽ ലഭിച്ചത്. കത്തിനോടൊപ്പം പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങളും നൽകിയിരുന്നു. റൺവേ നീളം കുറച്ച് റെസ നീളം കൂട്ടുന്ന പ്രവൃത്തി ഈ ഡിസംബറിനകം പൂർത്തിയാക്കാനും അടുത്തവർഷം ജൂൺ 30നകം മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാനുമായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെനിന്ന് എസ്റ്റിമേറ്റ് അതോറിറ്റി ആസ്ഥാനത്തേക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.