ന്യൂഡൽഹി: കർഷകരെ വാഹനമിടിച്ചു കൊന്ന ലഖിംപുർ കേസിൽ യു.പി പൊലീസിെൻറ ദൃക്സാക്ഷിപ്പട്ടികയിൽ ആശ്ചര്യം പ്രകടിപ്പിച്ച് സുപ്രീംകോടതി. '5,000ത്തോളം പേർ കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പറഞ്ഞിട്ട്, നേരിൽക്കണ്ടത് 23 പേർ മാത്രമോ?'-ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് സംസ്ഥാന സർക്കാറിനോട് ചോദിച്ചു. പ്രതികൾ പ്രബലന്മാരാണെന്നിരിെക്ക, സാക്ഷികൾക്ക് മതിയായ പൊലീസ് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചു.
കോടതി നിർദേശപ്രകാരം സംസ്ഥാന സർക്കാർ ഹാജരാക്കിയ രണ്ടാമത്തെ കേസന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വാഹനമിടിച്ച് പരിക്കേറ്റ ഒരാൾപോലും ദൃക്സാക്ഷികളുടെ പട്ടികയിൽ ഇല്ലേ എന്ന ചോദ്യവും ജഡ്ജിമാർ ഉന്നയിച്ചു. അപകടത്തിൽ മരിച്ചവരേയുള്ളൂ, പരിക്കേറ്റവരില്ലെന്നാണ് സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽെവ ആദ്യം പറഞ്ഞത്. പിന്നീട് മൂന്നു നാലു പേരുണ്ടെന്ന് തിരുത്തി. കേസിൽ കൂടുതൽ ദൃക്സാക്ഷികളെ ഉൾക്കൊള്ളിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സാക്ഷികൾ അന്നാട്ടുകാർ തന്നെയാണ്. സാക്ഷി പറയുന്നതിന് മുന്നോട്ടുവരാൻ അവർ മടിക്കുന്നു. അവരെ കിട്ടാനോ തിരിച്ചറിയാനോ പൊലീസിന് പ്രയാസമുണ്ടോ? കോടതി ചോദിച്ചു. മതിയായ സാക്ഷികൾ ഇല്ലാത്തതിൽ കോടതിക്ക് ആശങ്കയുണ്ട്. ആശങ്ക എന്താണെന്ന് നിങ്ങൾക്ക് അറിയുമല്ലോ? ഹരീഷ് സാൽവെയേ നോക്കി ചീഫ് ജസ്റ്റിസ് ചോദിച്ചു.
കൊലയാളികൾ തെൻറ കക്ഷിയെ ഭീഷണിപ്പെടുത്തുകയാണെന്നും കൊല്ലപ്പെട്ട ഒരു കർഷകെൻറ വിധവക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. സംസ്ഥാന സർക്കാറിന് അഞ്ചു നിർദേശങ്ങൾ നൽകിക്കൊണ്ടാണ് നവംബർ എട്ടിന് വീണ്ടും കേസ് പരിഗണിക്കാൻ കോടതി മാറ്റിവെച്ചത്. ഒന്ന്, സാക്ഷികൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണം. രണ്ട്, കൂടുതൽ ദൃക്സാക്ഷികളെ പൊലീസ് കണ്ടെത്തി കേസിൽ ഉൾപ്പെടുത്തണം. മൂന്ന്, കാലതാമസം വരാതെ മജിസ്ട്രേറ്റ് സാക്ഷിമൊഴി രേഖപ്പെടുത്തണം.
നാല്, ഫോറൻസിക് ലബോറട്ടറിയുടെ തെളിവു പരിശോധനയിൽ കാലതാമസം പാടില്ല. അഞ്ച്, സംഭവസ്ഥലത്ത് പത്രക്കാരൻ രമൺ കശ്യപ്, ശ്യാംസുന്ദർ എന്നിവർ കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രത്യേക തൽസ്ഥിതി റിപ്പോർട്ട് പൊലീസ് കോടതിക്ക് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.