ന്യൂഡൽഹി: ലഖിംപൂർ ഖേരി അക്രമ കേസിൽ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി കേസിന്‍റെ തൽസ്ഥി റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശ് സർക്കാരിനോട് രണ്ടുതവണ ശുപാർശ ചെയ്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലഖിൻപൂർ ഖേരിയിൽ അക്രമം നടക്കുമ്പോൾ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി മറ്റൊരു വഴിയിലൂടെയാണ് പോകുന്നതെന്ന വിവരം ആശിഷ് മിശ്രക്ക് അറിയാമായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ പ്രകാരം ലഖിംപൂർ ഖേരി കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാത്തതിൽ ഉത്തർപ്രദേശ് ഭരണകൂടത്തെ മാർച്ച് 30ന് സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.
ലഖിംപൂർ ഖേരിയിലെ അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ ഒൻപതിനാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. 2021 ഒക്ടോബർ 3ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ നാല് കർഷകരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.