ലഖിംപുർ ഖേരി: ഉത്തർപ്രദേശിൽ നാലു കർഷകരെ വാഹനമിടിച്ച് കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. ആശിഷ് മിശ്രയും മറ്റൊരു പ്രതി ആശിഷ് പാണ്ഡെയും നൽകിയ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചിന്ത റാം തള്ളി.
കേസിൽ ബുധനാഴ്ച രണ്ടുപേർകൂടി അറസ്റ്റിലായി. കർഷകരെ ഇടിച്ചുകൊന്ന കാറിനു തൊട്ടുപിറകെ വന്ന കാറിെൻറ ഉടമയായ അങ്കിത് ദാസും മറ്റൊരു പ്രതി കാലെ എന്ന ലാറ്റിഫുമാണ് പിടിയിലായത്. അന്വേഷണസംഘം ഹാജരാകാൻ നിർദേശിച്ചതനുസരിച്ചാണ് ഇരുവരും മൊഴി നൽകാൻ എത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
മുൻ മന്ത്രി പരേതനായ അഖിലേഷ് ദാസിെൻറ അനന്തിരവനാണ് അങ്കിത് ദാസ്. ഇതോടെ, ഒക്ടോബർ മൂന്നിന് നടന്ന അറുകൊലയിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ജാമ്യം തള്ളിയതോടെ ആശിഷ് വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ തുടരും.
ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത ശേഖർ ഭാരതിയെ റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആശിഷ് മിശ്രയുടെ സുഹൃത്തുകൂടിയായ അങ്കിത് ഒരു സംഘം അഭിഭാഷകർക്കൊപ്പമാണ് ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിയത്. നാലു കർഷകർക്ക് പുറമെ, രണ്ടു ബി.ജെ.പി പ്രവർത്തകരും വാഹനത്തിെൻറ ഡ്രൈവറും മാധ്യമപ്രവർത്തകനും അടക്കം എട്ടുപേരാണ് ടിക്കോണിയയിലെ സംഭവസ്ഥലത്ത് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.