കൊച്ചി: അവകാശവാദങ്ങളും കള്ളങ്ങളും മറച്ചുപിടിച്ച് ആദ്യ ഓക്സിജൻ പ്ലാൻറ് നിർമാണവുമായി ലക്ഷദ്വീപ് ഭരണകൂടം. ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധം ശക്തമായപ്പോൾ അഡ്മിനിസ്ട്രേറ്ററെ വെള്ളപൂശുന്നതിനുവേണ്ടി നടത്തിയ വാർത്തസമ്മേളനത്തിലാണ് ദ്വീപിൽ മൂന്ന് ഓക്സിജൻ പ്ലാൻറ് സ്ഥാപിെച്ചന്ന് കലക്ടർ അസ്കർ അലി അവകാശപ്പെട്ടത്. ഇത് വാസ്തവവിരുദ്ധമാണെന്ന് ദ്വീപിലെ ജനപ്രതിനിധികളടക്കം സാക്ഷ്യപ്പെടുത്തിയപ്പോഴും വിശദീകരണത്തിന് ഭരണകൂടം തയാറായിരുന്നില്ല.
ലക്ഷദ്വീപിൽ ആദ്യ ഓക്സിജൻ പ്ലാൻറിന് പ്രവർത്തനങ്ങൾ ആരംഭിച്ചത് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിലാണെന്ന് മിനിക്കോയ് ദ്വീപ് വില്ലേജ് വൈസ് ചെയർമാൻ ഡോ. മുനീർ മണിക്ഫാൻ 'മാധ്യമ'ത്തോട് പറഞ്ഞു. േമയ് 27ന് എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ ലക്ഷദ്വീപിൽ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി മൂന്ന് ഓക്സിജൻ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ടെന്നായിരന്നു കലക്ടറുടെ അവകാശവാദം. ഇതുകഴിഞ്ഞ് അഗത്തി, കവരത്തി ദ്വീപുകളില്‍ മെഡിക്കല്‍ ഓക്സിജന്‍ പൈപ്പ്ലൈന് സ്ഥാപിക്കാൻ ടെൻഡര്‍ വിളിച്ചതോടെ സംഭവം കള്ളമായിരുെന്നന്ന് വ്യക്തമായിരുന്നു.
മിനിക്കോയ് ദ്വീപിലെ പ്ലാൻറിനുവേണ്ടി 20നാണ് ഉപകരണങ്ങൾ കപ്പലിലെത്തിച്ചത്. പൈപ്പ്ലൈൻ അടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ തുടരുകയാണ്. മറ്റുദ്വീപുകളിൽ ഇതുവരെ പ്ലാൻറിനുള്ള ഉപകരണങ്ങൾ എത്തിയിട്ടുപോലുമില്ലെന്നാണ് വിവരം. പ്രതിഷേധം വ്യാപകമായതിെൻറ ഫലമായാണ് ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കാനുള്ള തീരുമാനംപോലും ഭരണകൂടം സ്വീകരിച്ചതെന്ന് ജനപ്രതിനിധികൾ വിമർശിക്കുന്നു.
അതേസമയം, മിനിക്കോയിലെ ഓക്സിജൻ പ്ലാൻറിെൻറ പണി അവസാനഘട്ടത്തിലാണെന്നും തിങ്കളാഴ്ചയോടെ പൂർത്തീകരിക്കാനാകുമെന്നും മിനിക്കോയ് ഗവ. ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. മുബാറക് പറഞ്ഞു. 28 കണക്ഷനാണ് നിലവിൽ പ്ലാൻറിൽനിന്ന് ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.