കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധിയില്ലാതായി മൂന്ന് മാസം പിന്നിട്ടിട്ടും ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നില്ല. ഡിസംബർ 18ന് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലെയും (വി.ഡി.പി) ജനുവരിയിൽ ജില്ല പഞ്ചായത്തിലെയും ഭരണസമിതികളുടെ കാലാവധി പൂർത്തിയായിരുന്നു. ജനപ്രതിനിധികൾ ഇല്ലാതായതോടെ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ സ്പെഷൽ ഓഫിസർമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്.
പത്ത് ദ്വീപുകളിലും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർമാരാണ് ചുമതല വഹിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ലക്ഷദ്വീപ് ജില്ല പഞ്ചായത്ത് ഭരിച്ചിരുന്നത്. ഏഴ് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ കോൺഗ്രസും മൂന്നിടത്ത് എൻ.സി.പിയുമാണ് ഭരണം നടത്തിയിരുന്നത്. കൽപേനി, കിൽത്തൻ, അമിനി എന്നിവിടങ്ങളിലാണ് എൻ.സി.പി ഭരിച്ചിരുന്നത്.
അനിശ്ചിതമായി തെരഞ്ഞെടുപ്പ് നീളുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ ഓരോ ദ്വീപും ഓരോ വില്ലേജ് ദ്വീപ് പഞ്ചായത്താണ്. എന്നാൽ, ഇത് 18 പഞ്ചായത്തുകളാക്കി വാർഡ് വിഭജനം നടത്താനായിരുന്നു ഭരണകൂടം തീരുമാനിച്ചത്. മിനിക്കോയ്, അന്ത്രോത്ത്, കവരത്തി എന്നീ ദ്വീപുകളിൽ മൂന്ന് പഞ്ചായത്തുകൾ വീതമുണ്ടാകും.
അഗത്തി, അമിനി, കടമത്ത് എന്നിവിടങ്ങളിൽ രണ്ട് വീതവും കൽപേനി, ചെത്ത്ലത്ത്, കിൽത്തൻ എന്നിവിടങ്ങളിൽ ഓരോ പഞ്ചായത്തും വീതമാണുണ്ടാവുക. ജനസംഖ്യ കുറവുള്ള ബിത്ര ചെത്ത് ലത്തിന്റെ വാർഡാക്കി മാറ്റാനുമായിരുന്നു പദ്ധതി. ഇതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്തെത്തി. കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് മുൻ വൈസ് ചെയർപേഴ്സൻ എ.പി. നസീർ അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ചു.
ജനസംഖ്യക്ക് ആനുപാതികമായല്ല പഞ്ചായത്ത് വിഭജനമെന്ന് ചൂണ്ടിക്കാട്ടി ഹരജി നൽകി. ഇത് പരിഗണിച്ച ഹൈകോടതി, അഡ്മിനിസ്ട്രേഷന്റെ വിജ്ഞാപനം റദ്ദാക്കുകയും ജനസംഖ്യാനുപാതിക നടപടിക്ക് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും തുടർനടപടികളൊന്നും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പാർലമെന്റ് അംഗം മുഹമ്മദ് ഫൈസലിനെ ഇതിനിടെ അയോഗ്യനാക്കിയത് ജനപ്രതിനിധികളില്ലാത്ത ലക്ഷദ്വീപിനെ സൃഷ്ടിക്കാനാണെന്ന വിമർശനവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.