കവരത്തി: ലക്ഷദ്വീപിലെ ഡയറി ഫാമുകളിലെ പശു ലേലം ദ്വീപ് നിവാസികൾ ബഹിഷ്കരിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കേണ്ട സമയം അവസാനിച്ചിട്ടും ഒരാള്‍ പോലും അപേക്ഷയുമായി മുന്നോട്ടുവന്നില്ല. കാളകളുടെ ലേലവും ദ്വീപ് നിവാസികള്‍ ബഹിഷ്കരിച്ചു. അതേസമയം, ഫാമുകളില്‍ വരുംദിവസങ്ങളിലേക്കുള്ള കാലിത്തീറ്റ സ്റ്റോക്കില്ല. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡയറിഫാമുകള്‍ അടച്ചുപൂട്ടാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഫാം നിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തിൽ കാലിത്തീറ്റക്കുള്ള ഓര്‍ഡര്‍ നല്‍കാതിരുന്നതിനാലാണ് സ്റ്റോക്ക് തീർന്നത്.
ഈ മാസം 31ഓടു കൂടി ഫാമുകള്‍ അടച്ചുപൂട്ടണമെന്നും 28ഓടു കൂടി ഫാമുകളിലുള്ള പശുക്കളുടെ ലേലം നടക്കണമെന്നുമായിരുന്നു അഡ്മിനിസ്ട്രേഷൻ നിര്‍ദേശം. ദ്വീപ് നിവാസികള്‍ക്ക് 5000 രൂപയടച്ച് ലേലത്തില്‍ പങ്കെടുക്കാമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാൽ, ആരും മുന്നോട്ടുവന്നില്ല. പ്രജനനത്തിനായി ഉപയോഗിക്കുന്ന വിത്ത് കാളകളെയും വിറ്റൊഴിവാക്കണമെന്നായിരുന്നു ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശപ്രകാരം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ രംഗത്ത് വന്നിരുന്നു. സ്വകാര്യ പാൽ കമ്പനികളെ സഹായിക്കാനാണ് നടപടിയെന്നാണ് അവർ ആരോപിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ കച്ചവട ലക്ഷ്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് അമൂല്‍ ഉത്പന്നങ്ങള്‍ ദ്വീപുകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.