കൊച്ചി: ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ ലക്ഷദ്വീപ് പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് കവരത്തി പൊലീസ് ഫോൺ പിടിച്ചെടുത്തത്. ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്ന് ഐഷസുൽത്താന പ്രതികരിച്ചു. ഫോൺ നമ്പർ എഴുതിയെടുക്കാനോ വക്കീലുമായി സംസാരിക്കാനോ അവസരം നൽകിയില്ലെന്നും അവർ പറഞ്ഞു.
ചാനൽ ചർച്ചയിൽ നടത്തിയ ബയോവെപ്പൺ പരാമർശത്തെ തുടർന്നുള്ള രാജ്യദ്രോഹ കേസിന്‍റെ പേരിലാണ് ഐഷ സുൽത്താനയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
അതെ സമയം ഹൈകോടതി ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിൻെറ പിന്നാലെയാണ് പൊലീസ് മൊബൈൽ ഫോൺപിടിച്ചെടുത്തത്. നേരത്തെ ഐഷ സുൽത്താനക്ക് അറസ്റ്റിൽ നിന്നും ഹൈകോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. മുൻകൂർ ജാമ്യ ഹരജി വിധി പറയാൻ മാറ്റുകയും ചെയ്തിരുന്നു.
കേസ് പ്രഥമദൃഷ്ട്യാ നില നിൽക്കില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. ഐഷ സുൽത്താന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയല്ല. ബയോവെപ്പൺ എന്ന പരാമർശം രാജ്യദ്രോഹമല്ലെന്നും കോടതി മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്കാര നടപടികൾക്കെതിരെ ഐഷ സുൽത്താന രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഫാസിസം ഇനിയും ദ്വീപ് സമൂഹം സഹിക്കില്ലെന്നും ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം തീർക്കുമെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമർശിച്ചതിനാണ് ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റിന്റെ പരാതിയില്‍ കവരത്തി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ കവരത്തി പൊലീസ് ഐഷ സുൽത്താനയെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.