കൊച്ചി: ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളാൽ പ്രക്ഷുബ്ധമായ ലക്ഷദ്വീപ് മൂന്നുമാസത്തെ കോവിഡുകാല അടച്ചുപൂട്ടലിനുശേഷം ചൊവ്വാഴ്ച തുറക്കും. ലോക്ഡൗൺ പിൻവലിച്ചെങ്കിലും ലക്ഷദ്വീപിൽ വൈകീട്ട് അഞ്ചുമുതൽ രാവിലെ ആറുവരെ രാത്രി കാല കർഫ്യൂ തുടരും. കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ഇത്രയുംനാൾ വീട്ടകങ്ങളായിരുന്നു സമരമുഖമെങ്കിൽ അടച്ചുപൂട്ടൽ അവസാനിച്ചതോടെ സമരം വരുംദിവസങ്ങളിൽ പുറത്തേക്ക് വ്യാപിക്കും.
സി.പി.ഐയുടെയും സി.പിഎമ്മിെൻറയും സംയുക്ത സംഘടനയായ ലെഫ്റ്റ് യുനൈറ്റഡിെൻറയും സേവ് ലക്ഷദ്വീപ് ഫോറത്തിെൻറയും നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികളിൽ പ്രതിഷേധം ശക്തിപ്പെടുത്താനാണ് തീരുമാനം. ലോക്ഡൗണിനെത്തുടർന്ന് ദ്വീപ് വാസികൾ വീട്ടിലിരുന്നാണ് പ്രതിഷേധങ്ങൾ നടത്തിയിരുന്നത്. ഇനിമുതൽ എല്ലാവരും ഒന്നിച്ചുള്ള പ്രക്ഷോഭങ്ങൾ നടത്താനാണ് തീരുമാനം. ദ്വീപിൽ യോഗങ്ങൾ ചേരുന്നതിന് ജില്ല കലക്ടറുടെ മുൻകൂർ അനുമതി ആവശ്യമാണ്. ഇതുവാങ്ങി വിവിധ പ്രക്ഷോഭ പരിപാടികൾ ആലോചിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കവരത്തി, ബിത്ര, കിൽത്താൻ, മിനിക്കോയി ദ്വീപുകളിലാണ് ലോക്ഡൗൺ നിലനിന്നിരുന്നത്. ലോക്ഡൗൺ പിൻവലിച്ചതോടെ ഈ ദ്വീപുകളിൽ ഓഫിസുകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. ഹോട്ടലുകൾ രാവിലെ 7.30 മുതൽ രാവിലെ 9.30 വരെയും ഉച്ചക്ക് ഒന്നുമുതൽ മൂന്നുവരെയും വൈകീട്ട് ആറുമുതൽ ഒമ്പതുവരെയും പ്രവർത്തിക്കാം. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. എല്ലാ കടകളും അഞ്ച് ആളുകളെ െവച്ച് മാത്രം പ്രവർത്തിപ്പിക്കാം. സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ ആഘോഷങ്ങളും ആരാധനാലയങ്ങളിലെ ആഘോഷങ്ങളും നടത്തുന്നതിന് കലക്ടറുടെ മുൻകൂർ അനുമതി വേണം. മത്സ്യബന്ധനവും നിർമാണ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തുന്നതിന് െഡപ്യൂട്ടി കലക്ടറുടെയോ ബ്ലോക്ക് െഡവലപ്മെൻറ് ഓഫിസറുടെയോ മുൻകൂർ അനുമതി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.