അംബാല (ഹരിയാന): ഹരിയാനയിൽ മുൻ സൈനികൻ കുടുംബത്തിലെ അഞ്ച് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹരിയാനയിലെ നരൈൻഗഡിലുള്ള റാത്തൗർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം.
മുൻ സൈനികനായ ഭൂഷൺ തന്റെ കുടുംബത്തിലെ അഞ്ചുപേരെ മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രണ്ടേക്കർ ഭൂമിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഹരീഷ് (35), ഭാര്യ സോണിയ (32), അമ്മ സരോപി (65), അഞ്ച് വയസ്സുള്ള മകൾ, ആറ് മാസം പ്രായമുള്ള മകൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതി പിതാവായ ഓം പ്രകാശിനെയും സഹോദരന്റെ മറ്റൊരു മകളെയും ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ പിതാവിനെ നാരൈൻഗഡിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ കൃത്യത്തിന് ശേഷം പ്രതി രാത്രിയിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ശ്രമിച്ചു. പോലീസ് സ്ഥലത്തെത്തി പാതി കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തു.
സൈനികൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടി. എസ്.പി സുരേന്ദ്ര സിങ് ഭൗരിയ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.