മുംബൈ: പ്രതിരോധ രഹസ്യവിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ വനിത ഏജന്റിന് ചോർത്തിക്കൊടുത്ത കേസിൽ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലെ (ഡി.ആർ.ഡി.ഒ) ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽകറെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ അനുമതി തേടിയുള്ള ഹരജി കോടതി തള്ളി.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) നൽകിയ ഹരജിയാണ് പുണെ പ്രത്യേക കോടതി തള്ളിയത്. പ്രതിയുടെ അനുമതിയില്ലാതെ ശാസ്ത്രീയ പരിശോധന നടത്താനാകില്ലെന്ന സുപ്രീംകോടതി നിർദേശം ചൂണ്ടിക്കാട്ടിയാണ് വിധി. ശബ്ദ പരിശോധന, മാനസിക അവലോകനം, പോളിഗ്രാഫ് പരിശോധനകൾ നടത്താനാണ് അനുമതി തേടിയത്.
ബ്രഹ്മോസ് മിസൈലുകളുമായി ബന്ധപ്പെട്ട രഹസ്യവിവരം വാട്സ്ആപ് ചാറ്റ്, വോയ്സ് ചാറ്റ്, വിഡിയോ കാൾ വഴി കുരുൽകർ ‘സറ ദാസ്ഗുപ്ത’ എന്ന ചാര വനിതക്ക് ചോർത്തിക്കൊടുത്തെന്നാണ് കേസ്. മേയ് മൂന്നിനാണ് എ.ടി.എസ് കുരുൽകറെ അറസ്റ്റ് ചെയ്തത്. കുരുൽകർ നൽകിയ ജാമ്യഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ജാമ്യഹരജിയിലുള്ള വാദപ്രതിവാദം അടച്ചിട്ട മുറിയിൽ നടത്തണമെന്ന എ.ടി.എസിന്റെ ഹരജിയും തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.