ന്യൂഡൽഹി: തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ കശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലിക്കിന് ജീവപര്യന്തം. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെയും(യു.എ.പി.എ) ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (ഐ.പി.സി) വിവിധ വകുപ്പുകൾപ്രകാരമാണ് ഡൽഹി കോടതി പ്രത്യേക ജഡ്ജി പ്രവീൺ സിങ് ശിക്ഷ വിധിച്ചത്. 10 ലക്ഷം രൂപ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്.
മാലിക്കിന് വധശിക്ഷ നൽകണമെന്നാണ് എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടത്. ദയക്കായി താൻ കേഴുന്നില്ലെന്നും കോടതിക്ക് എന്തും തീരുമാനിക്കാമെന്നും മാലിക് വ്യക്തമാക്കിയതായി കോടതി വൃത്തങ്ങൾ പറഞ്ഞു.
28 വർഷത്തിനിടെ താൻ ഏതെങ്കിലും തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികൾ തെളിയിച്ചാൽ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്നും വധശിക്ഷ ഏറ്റുവാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിക്കിന്റെ കേസ് വാദിക്കാൻ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കുറഞ്ഞ ശിക്ഷ (ജീവപര്യന്തം) ആണ് അഭ്യർഥിച്ചത്. മേയ് 19ന് മാലിക്കിനെതിരെ കുറ്റം ചാർത്തുമ്പോൾ അദ്ദേഹത്തിന്റെ സാമ്പത്തികനില പരിശോധിക്കാൻ എൻ.ഐ.എയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.