ന്യൂഡൽഹി: ഏറെ വിവാദമുയർത്തിയ ഉന്നാവ് ബലാത്സംഗക്കേസിൽ ബി.ജെ.പി നേതാവും പുറത്താക്കപ്പെട്ട എം.എൽ.എയുമായ കുൽദീപ് സിങ് സെംഗാറിന് ആജീവനാന്തം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുകക്ക് പുറമെ ബലാത്സംഗ ഇരക്കുള്ള നഷ്ടപരിഹാരമായി മാതാവിന് 10 ലക്ഷം രൂപ നൽകാനും കോടതി നിർദേശിച്ചു. ശിക്ഷ കേട്ടയുടൻ കോടതിമുറിയിൽ സെംഗാർ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. കോടതിയിലുണ്ടായിരുന്ന അദ്ദേഹത്തിെൻറ മകളും സഹോദരിയും ഒപ്പം കരഞ്ഞു. ഡൽഹിയിലെ തീസ്ഹസാരി ജില്ല കോടതി ജഡ്ജി ധർമേഷ് ശർമയാണ് ശിക്ഷ വിധിച്ചത്. പൊതുസേവകനായ സെംഗാർ ജനങ്ങളുടെ വിശ്വാസം കാത്തില്ലെന്നും അതിനാൽ, ശിക്ഷ ലഘൂകരിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
കേസിനു ശേഷം ബലാത്സംഗ ഇരയെ 53കാരനായ സെംഗാർ നിരന്തരം ഭീഷണിപ്പെടുത്തിയതും കോടതി ചൂണ്ടിക്കാട്ടി. ഓരോ മൂന്നുമാസം കൂടുേമ്പാഴും ഇരയുടെയും കുടുംബത്തിേൻറയും സുരക്ഷ സി.ബി.ഐ വിലയിരുത്തണം. അടുത്ത ഒരുവർഷം ഇരയും കുടുംബവും ഡൽഹി വനിത കമീഷൻ എടുത്തുനൽകിയ വാടകവീട്ടിൽതന്നെ കഴിയട്ടെയെന്നും ഇവർക്ക് പ്രതിമാസം 15,000 രൂപവീതം ഉത്തർപ്രദേശ് സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ പ്രകാരവും സെംഗാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി കണ്ടെത്തിയത്. 2017ലാണ് ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സെംഗാർ ബലാത്സംഗത്തിനിരയാക്കിയത്. എന്നാൽ, കേസെടുക്കാതിരുന്നതിനെ തുടർന്ന് പെൺകുട്ടി സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വസതിക്കു മുന്നിൽ ആത്മാഹുതി ശ്രമം നടത്തിയിരുന്നു.
കേസിൽ പ്രതിചേർക്കപ്പെട്ട ഷാഷി സിങ് എന്ന സ്ത്രീയെ കോടതി കുറ്റമുക്തയാക്കി. ഇവർക്ക് സെംഗാറിനൊപ്പം ഗൂഢാലോചനയിൽ പങ്കുള്ളതിന് തെളിവ് ഹാജരാക്കാൻ സി.ബി.ഐക്ക് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. സെംഗാർ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടി 2017 ജൂണിൽ ഉന്നാവിൽ വെച്ച് മറ്റു മൂന്നുപേരാൽ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു. ഈ കേസിെൻറ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ഈ വർഷം ജൂലൈയിൽ പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇവരുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിനു പിന്നിൽ സെംഗാറിന് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിട്ടുണ്ട്.
വധശിക്ഷ വേണമായിരുന്നു -കുടുംബം
ഉന്നാവ്: സെംഗാറിന് വധശിക്ഷ നൽകണമായിരുന്നുവെന്നും എങ്കിലേ തങ്ങൾക്ക് പൂർണ നീതി ലഭിക്കൂവെന്നും പെൺകുട്ടിയുടെ കുടുംബം. സ്വൈരമായി തുടർന്ന് ജീവിക്കാനും അതാവശ്യമായിരുന്നുവെന്നും ബലാത്സംഗ ഇരയുടെ സഹോദരി പറഞ്ഞു. സെംഗാറിെൻറ ശിക്ഷയോട് പ്രതികരിക്കുകയായിരുന്നു അവർ. സെംഗാർ ജയിലിൽ കഴിയുേമ്പാൾ തങ്ങൾക്ക് പേടിതന്നെയാണ്. എന്നെങ്കിലും പുറത്തിറങ്ങിയാൽ അയാൾ തങ്ങളെ ഇല്ലാതാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ അമ്മയും അത് ശരിവെച്ചു.
ഉന്നാവ്: ഇര നടത്തിയത് ഇരട്ടച്ചങ്കുള്ള പോരാട്ടം
ലഖ്നോ: ഉന്നാവ് ബലാത്സംഗക്കേസിൽ ബി.ജെ.പി നേതാവും എം.എൽ.എയുമായ സെംഗാറിന് ആജീവനാന്തം ജയിൽ ശിക്ഷ ലഭിക്കുേമ്പാൾ, അവിടംവരെ പ്രതിയെ എത്തിക്കാൻ ഇര നടത്തിയത് ഇരട്ടച്ചങ്കുള്ള പോരാട്ടം. ആരും തളർന്നുപോകുന്ന പ്രതിബന്ധങ്ങളെ മനക്കരുത്തുകൊണ്ട് തട്ടിമാറ്റിയാണ് വെറും സാധാരണക്കാരിയായ ഇര വൻകിടക്കാരനായ പ്രതിയെ അഴികൾക്കുള്ളിലാക്കിയത്. നിരന്തരം കൊടിയ പീഡനം ഏറ്റുവാങ്ങിയിട്ടും ഒരിഞ്ചുപോലും പിന്നോട്ടുമാറാതെ നിയമത്തിെൻറ വഴിയിലൂടെ സുധീരം അവൾ സഞ്ചരിച്ചു. കേസിൽ പരാതി നൽകിയതിനു പിന്നാലെ സ്വന്തം പിതാവ് എം.എൽ.എയുടെ സഹോദരനാൽ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുകയായിരുന്നു.
അമ്മാവനെ ഒരു ബന്ധവുമില്ലാത്ത കേസിൽപ്പെടുത്തി. അപ്രതീക്ഷിത അപകടവും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. രാഷ്്ട്രീയ സമ്മർദത്തിന് വഴങ്ങി സ്വന്തം പാർട്ടി എം.എൽ.എക്കെതിരെ കേസെടുക്കാൻ സർക്കാർ അറച്ചുനിന്നപ്പോൾ പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ലഖ്നോവിലെ വസതിക്കുമുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രാജ്യം നടുങ്ങിയ ഈ സംഭവത്തിനുശേഷം അഞ്ചാംദിവസമാണ് സെംഗാർ അറസ്റ്റിലായത്. തുടർന്ന് ജയിലിലായി. ഉന്നാവ് ജില്ലയിലെ ബംഗർമാവ് നിയമസഭ മണ്ഡലത്തെയാണ് സെംഗാർ പ്രതിനിധാനം ചെയ്യുന്നത്. അറസ്റ്റിലായതിനെ തുടർന്ന് സെംഗാറിനെ ബി.ജെ.പി പുറത്താക്കി.
2017 ജൂണിൽ ബലാത്സംഗത്തിനിരയാക്കിയശേഷം സെംഗാറും കൂട്ടരും നിരന്തരം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ പലവിധത്തിൽ പീഡിപ്പിച്ചതിനും കേസുകൾ നൽകിയിരുന്നു. അതേസമയം, പെൺകുട്ടിയുടെ പിതാവിനും അമ്മാവനുമെതിരെ കൊലപാതകമടക്കം 28 കേസുകളുണ്ടെന്നാണ് പൊലീസ് ആരോപിച്ചത്. പെൺകുട്ടിയുടെ പിതാവിനെ പൊലീസ്സ്റ്റേഷനിൽ പൊലീസുകാർ അല്ലാത്തവർ ക്രൂരമായി മർദിക്കുന്നതിെൻറ വിഡിയോ പുറത്തുവന്നിരുന്നു. ഇദ്ദേഹം കസ്റ്റഡിയിൽ കൊല്ലപ്പെട്ടശേഷം നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊടിയ മർദനമേറ്റെന്നാണ് വെളിപ്പെട്ടത്. ഇതേതുടർന്ന് ആറ് പൊലീസുകാർ സസ്പെൻഷനിലാവുകയും എം.എൽ.എയുടെ സഹോദരൻ അതുൽ സെംഗാറിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. അലഹബാദ് ഹൈകോടതി ഉത്തരവ് പ്രകാരമാണ് ബലാത്സംഗക്കേസ് സി.ബി.ഐക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.