ഭുവനേശ്വർ: മിന്നൽ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനം സ്ഥാപിക്കാൻ ഒഡിഷ സർക്കാർ തീരുമാനിച്ചു. മിന്നൽ ഉണ്ടാകുന്നതിനെക്കുറിച്ച് മുൻകൂട്ടി ജനങ്ങൾക്ക് അറിയിപ്പ് നൽകുന്ന സെൻസറുകളാണ് സ്ഥാപിക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 18ഒാളം പേർ മിന്നലേറ്റ് മരിച്ച സാഹചര്യത്തിലാണ് സർക്കാർ അടിയന്തര തീരുമാനമെടുത്തതെന്ന് പ്രത്യേക ദുരിതാശ്വാസ കമീഷണർ ബി.പി. സേത്തി പറഞ്ഞു.
മിന്നൽ ഉണ്ടാകുന്നതിന് 45 മിനിറ്റ് മുമ്പുതന്നെ അതേക്കുറിച്ച് വിവരം ലഭിക്കും. ഈ വിവരം മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാൻ അത് ജനങ്ങൾക്ക് സഹായകരമാകും -സേത്തി ചൂണ്ടിക്കാട്ടി.
മിന്നൽ വിശകലനം ചെയ്യുന്ന സംവിധാനം സ്ഥാപിക്കുന്ന എർത്ത് നെറ്റ്വർക്ക്സ് എന്ന അമേരിക്കൻ കമ്പനിയുമായി ഈ ആഴ്ചതന്നെ സർക്കാർ ധാരണപത്രത്തിൽ ഒപ്പിടും. തുടർന്ന് കമ്പനി സംസ്ഥാനത്തുടനീളം മിന്നൽ സെൻസറുകൾ സ്ഥാപിക്കും. ഉയർന്ന കെട്ടിടങ്ങളിലും കെട്ടിട സമുച്ചയങ്ങളിലുമാണ് സെൻസർ സ്ഥാപിക്കുക. ഒഡിഷയിൽ ഒാരോ വർഷവും ശരാശരി 419 പേർ മിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.