ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി.ബി.ഐയോട് ഒരാഴ്ച സമയംതേടി. ഞായറാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സി.ബി.ഐ നോട്ടീസ് നൽകിയത്. എന്നാൽ, ധനമന്ത്രി കൂടിയായ തനിക്ക് ബജറ്റ് തയാറാക്കാനുള്ളതിനാൽ സമയം നീട്ടിനൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതംഗീകരിച്ച സി.ബി.ഐ പുതിയ തീയതി പിന്നീട് അറിയിക്കും.
അന്വേഷണ ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും സിസോദിയ പറഞ്ഞു. അറസ്റ്റിനെ ഭയമില്ല. ഒരു ചോദ്യത്തിൽനിന്നും ഒളിച്ചോടുന്നുമില്ല. രാവും പകലുമില്ലാതെ ബജറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഷ്ടപ്പെടുകയാണ്. ഇതിനിടെയാണ് കഴിഞ്ഞദിവസം സി.ബി.ഐയുടെ നോട്ടീസ് ലഭിച്ചത്. ബജറ്റ് പൂർത്തീകരിക്കുന്നതിൽ താമസമുണ്ടാകാതിരിക്കാൻ ഓരോ ദിവസവും നിർണായകമാണ്.
ഇതു രാഷ്ട്രീയക്കളിയാണെന്നും ഡൽഹി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതിന് തൊട്ടടുത്ത ദിവസമാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 17ന് സിസോദിയയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. വീട്ടിലും ബാങ്ക് ലോക്കറിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.