ചെന്നൈ: സുപ്രീംകോടതി വിധിക്ക് പിന്നാലെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ പുതിയ മാർഗനിർദേശങ്ങളുമായി തമിഴ്നാട് സർക്കാർ. മദ്യശാലകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തും. ഒരു ദിവസം ഒരു ഷോപ്പിൽ നിന്ന് 500 പേർക്ക് മാത്രമേ മദ്യം നൽകൂ.
രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയായിരിക്കും മദ്യശാലകളുടെ പ്രവർത്തനം. ഉപഭോക്താക്കൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട്സ്പോട്ടായ ചെന്നൈ, തിരുവള്ളൂർ, മറ്റു കണ്ടെയിൻമെൻറ് മേഖലകൾ എന്നിവിടങ്ങളിൽ മദ്യവിൽപ്പന അനുവദിക്കില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ഓൺലൈനായി മാത്രം മദ്യവിൽപ്പന അനുവദിച്ചുകൊണ്ടുള്ള മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
അതേസമയം സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചു പേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 71 ആയി. 24 മണിക്കൂറിനിടെ 11,672 സാമ്പിളുകൾ പരിശോധിച്ചതിൽ 434 പേർക്ക് പുതുതായി രോഗബാധ കണ്ടെത്തി. ചെന്നൈയിൽമാത്രം 310 പേർക്ക് രോഗബാധ ഉണ്ടായി.
നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 5,946 ആയി ഉയർന്നു. വെള്ളിയാഴ്ച 359 പേരെ ഡിസ്ചാർജ് ചെയ്തു. ഇതേവരെ രോഗം ഭേദമായി ആശുപത്രിയിൽനിന്ന് വിട്ടയച്ചവരുടെ മൊത്തം എണ്ണം 2,599 ആണ്. 2,90,906 പേർക്കാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.