പനാജി: തദ്ദേശവാസികളുടെ തെറ്റിദ്ധാരണ നീങ്ങിയതോടെ ദക്ഷിണ ഗോവൻ ദ്വീപായ സാവോ ജസീന്തോയിൽ നാവിക സേന ത്രിവർണ പതാക ഉയർത്തി. തുറമുഖ ബിൽ പാസാക്കിയതോടെ ദ്വീപ് ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പതാക ഉയർത്തുന്നതെന്ന് ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പതാക ഉയർത്തലിനെതിരെ ആദ്യം എതിർപ്പുയർന്നത്.
75ാം സ്വതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത മഹോത്സവ്' പരിപാടിയുടെ ഭാഗമായി ദ്വീപുകളിൽ ത്രിവർണ പതാക ഉയർത്താൻ പ്രതിരോധ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് നാവിക സേന ചടങ്ങ് നടത്താനിരുന്നത്. എന്നാൽ എതിർപ്പ് ഉയർന്നതോടെ ഇവർ പരിപാടി റദ്ദാക്കി.
പിന്നാലെ ദ്വീപ് നിവാസികളുടെ പ്രവർത്തി ദേശവിരുദ്ധമാണെന്നും എന്ത് വിലകൊടുത്തും നേരിടമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചതോടെ നേവി പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു.
തെറ്റിദ്ധാരണ നീങ്ങിയതോടെ ദ്വീപ് നിവാസികളും ചടങ്ങിനെത്തി. ഒരുമിച്ച് ദേശീയ ഗാനം ആലപിച്ചാണ് പതാക ഉയർത്തിയത്. ദ്വീപ് നിവാസികളുടെ നടപടിയിൽ മുഖ്യമന്ത്രി ട്വീറ്റിലൂടെ സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.