ബംഗളൂരു: മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലും വടക്കൻ കല്യാണ കർണാടകയിലെ ധാർവാഡ് ജില്ലയിലും ബുധനാഴ്ച മുതൽ ലോക്ഡൗൺ ഏർപ്പെടുത്തും. ദക്ഷിണ കന്നഡയിൽ ബുധനാഴ്ച രാത്രി മുതലും ധാർവാഡിൽ രാവിലെ മുതലും ലോക്ഡൗൺ ആരംഭിക്കും.
ഇരു ജില്ലകളിലും കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തലത്തിൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ലോക്ഡൗൺ മാർഗനിർദേശങ്ങൾ ദക്ഷിണ കന്നഡ ജില്ല ഭരണകൂടം പുറത്തിറക്കുമെന്ന് ജില്ല ചുമതല വഹിക്കുന്ന ഫിഷറീസ്-മുസ്റെ വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാര അറിയിച്ചു.
തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി വിഡിയോ കോൺഫറൻസിങ് വഴി ചർച്ച ചെയ്താണ് ദക്ഷിണ കന്നഡയിൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ബംഗളൂരു കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ളത് കേരളത്തോട് അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലാണ്.
ധാർവാഡിൽ ബുധനാഴ്ച രാവിലെ 10 മുതൽ ജൂലൈ 24 രാത്രി എട്ടുവരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ജില്ല ചുമതലയുള്ള മന്ത്രി ജഗദീഷ് ഷെട്ടാർ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രിക്ക് പുറമെ ഡെപ്യുട്ടി കമീഷണറും എസ്.പിയും പെങ്കടുത്തു. മറ്റു ജില്ലകളിൽ സാഹചര്യങ്ങൾ പരിഗണിച്ച് അതത് ജില്ല ഭരണാധികാരികൾക്ക് ലോക്ഡൗൺ സംബന്ധിച്ച തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.