റാഞ്ചി: ഝാർഖണ്ഡിൽ ലോക്കോ പൈലറ്റുമാരുടെ സമയോചിത ഇടപെടൽ രക്ഷപ്പെടുത്തിയത് 12 ആനകളുടെ ജീവൻ. പലാമു ടൈഗർ റിസർവിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ആനകൾ റെയിൽപാളം മുറിച്ച് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി തീവണ്ടി നിർത്തുകയായിരുന്നു. ഹൗറ -ജബൽപൂർ ശക്തിപുഞ്ച് എക്‌സ്‌പ്രസിലെ ലോക്കോ പൈലറ്റ് എ.കെ വിദ്യാർഥിയും അസിസസ്റ്ററ്റ് ലോകോ പൈലറ്റായ രജനീകാന്ത് ചൗദരിയുമാണ് കൃത്യമായ ഇടപടിലിടൂടെ ആനകളുടെ ജീവൻ രക്ഷിച്ചത്.
ചിപ്പദോഹർ -ഹെഹെഗാര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ആനക്കൂട്ടം റെയിൽവെ പാളം മുറിച്ച് കടക്കുന്നത് ലോക്കോ പൈലറ്റ്മാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഏകദേശം 70 കിലോമീറ്റർ വേഗതയിലാണ് തീവണ്ടി സഞ്ചരിച്ചിരുന്നത്.
അതേസമയം, 12 ആനകളുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമാരോട് നന്ദി പറയുന്നതായി ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ കുമാർ അശുതോഷ് പറഞ്ഞു. ഇടതൂർന്ന വനത്തിലൂടെ ട്രെയിനുകൾ സഞ്ചരിക്കുന്നത് റിസർവിലെ വന്യജീവികൾക്ക് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചൗബേയെയും വിദ്യാർത്ഥിയെയും പോലെ ജാഗ്രത പാലിക്കാൻ മറ്റ് ലോക്കോ പൈലറ്റുമാരോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
250 ഓളം ആനകളാണ് പലാമു ടൈഗർ റിസർവിൽ ഉള്ളത്. 1,129.93 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന റിസർവിൽ 47 ഇനം സസ്തനികളും 174 ഇനം പക്ഷികളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.