ബംഗളൂരു: കർണാടകയുടെ ഭരണസിരാകേന്ദ്രമായിട്ടും, അനുകൂല സാഹചര്യങ്ങൾ പലകുറി തെളിഞ്ഞിട്ടും 20 വർഷമായി ഒരു കോൺഗ്രസ് സ്ഥാനാർഥിപോലും ബംഗളൂരു മേഖലയിൽനിന്ന് ലോക്സഭയിലേക്കെത്തിയിട്ടില്ലെന്നതാണ് കണക്ക്. തലസ്ഥാന നഗരിയിലെ മണ്ഡലങ്ങളായ ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത് എന്നീ മൂന്നു സീറ്റും ബി.ജെ.പിയുടെ പക്കലാണ്. ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒന്നിച്ചുവന്ന 2004 ൽപോലും കോൺഗ്രസിന് തിരിച്ചുവരാനായിട്ടില്ല. ഒരേദിവസം ഒരേ ബൂത്തിൽ ലോക്സഭയിലേക്കും നിയമസഭയിലേക്കും പോൾ ചെയ്ത ബംഗളൂരുവിലെ വോട്ടർമാർ, നിയമസഭയിലേക്ക് കോൺഗ്രസിനും ലോക്സഭയിലേക്ക് ബി.ജെ.പിക്കും ഭൂരിപക്ഷം നൽകി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തീരദേശ മേഖലയിലടക്കം തിരിച്ചടി നേരിട്ടിട്ടും ബംഗളൂരു നഗരത്തിൽ ബി.ജെ.പിക്ക് സീറ്റു വർധിപ്പിക്കാനായി. 28 മണ്ഡലങ്ങളിൽ ബി.ജെ.പി 16 സീറ്റ് പിടിച്ചപ്പോൾ കോൺഗ്രസ് 12 ലേക്ക് താഴ്ന്നു. 5.4 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് വർധിച്ചത്. 2018ൽ ബി.ജെ.പി- 11, കോൺഗ്രസ്- 15, ജെ.ഡി.എസ്- രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റുനില. കർണാടകയിൽ കോൺഗ്രസ് സർക്കാറിന് അനുകൂല തരംഗമുണ്ടായാലും ബംഗളൂരു നഗരമേഖല ഒപ്പം നിൽക്കണമെന്നില്ല എന്നർഥം.
അത്രയെളുപ്പം പിടിതരാത്ത മനസ്സാണ് മെട്രോപൊളിറ്റൻ നഗരമായ ബംഗളൂരുവിലെ വോട്ടർമാരുടേത്. കുടിയേറ്റ വോട്ടുകളിൽ ബഹുഭൂരിഭാഗവും പോൾ ചെയ്യപ്പെടാറില്ല. 1.2 കോടി നഗരവാസികളിൽ മൂന്നിലൊന്നും കേരളമടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണ്. ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ ഏകദേശം 40 ശതമാനവും കുടിയേറ്റ വോട്ടുകളാണ്. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയതും ഈ മണ്ഡലത്തിലായിരുന്നു. ബംഗളൂരു സെൻട്രൽ- 49.75, ബംഗളൂരു നോർത്ത്- 50.51, ബംഗളൂരു സൗത്ത്- 54.12 എന്നിങ്ങനെയാണ് 2019 ലെ പോളിങ് ശതമാനം.
ബംഗളൂരു തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വലിയ പദ്ധതികളൊന്നുമില്ലെന്നാണ് സ്ഥാനാർഥി നിർണയത്തിൽ തെളിയുന്നത്. ബംഗളൂരു നോർത്തിൽ മുൻ രാജ്യസഭ എം.പിയും ഐ.ഐ.എം.ബി മുൻ പ്രഫസറുമായ എം.വി. രാജീവ് ഗൗഡയെ നിർത്തിയതൊഴിച്ചാൽ ബംഗളൂരു സൗത്തിലും സെൻട്രലിലും ശക്തരായ സ്ഥാനാർഥികളെ നിർത്താനാകാത്തത് കോൺഗ്രസിന്റെ പോരായ്മയാണ്. മുൻ എം.പിയും രാജ്യസഭ ഡെപ്യൂട്ടി ചെയർമാനുമായിരുന്ന റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാനാണ് ബംഗളൂരു സെൻട്രലിൽ ബി.ജെ.പിയുടെ പി.സി. മോഹനെ നേരിടുന്നത്. പാർട്ടി അണികളിൽപോലും അത്ര പരിചിതമല്ലാത്ത മുഖമാണ് മൻസൂറിന്റേത്. ഇത്തവണ കർണാടകയിലെ ഏക മുസ്ലിം സ്ഥാനാർഥികൂടിയാണ് ഇദ്ദേഹം. 2004ൽ വടക്കൻ കർണാടകയിലെ ഗുൽബർഗയിൽനിന്ന് ഇഖ്ബാൽ അഹമ്മദ് സർദഗി വിജയിച്ചശേഷം ലോക്സഭയിലേക്ക് മറ്റൊരു മുസ്ലിം പ്രാതിനിധ്യം കന്നട നാട്ടിൽനിന്ന് ഉണ്ടായിട്ടില്ല.
ബംഗളൂരു സൗത്തിൽ തേജസ്വി സൂര്യയെ നേരിടാൻ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളും മുൻ എം.എൽ.എയുമായ സൗമ്യ റെഡ്ഡിയെയാണ് അവതരിപ്പിക്കുന്നത്. 1991ൽ ബംഗളൂരു സൗത്ത് ബി.ജെ.പി പിടിച്ചെടുത്തശേഷം ഇന്നുവരെ മണ്ഡലം വിട്ടുകൊടുത്തിട്ടില്ല. ഉഡുപ്പി- ചിക്മഗളൂരു മണ്ഡലത്തിൽനിന്ന് പാർട്ടി അണികളിൽനിന്നുപോലും പ്രതിഷേധം നേരിട്ടതിനെതുടർന്ന് ബി.ജെ.പി മണ്ഡലം മാറ്റിപ്പാർപ്പിച്ച ശോഭ കരന്ദ്ലാജെയാണ് ബംഗളൂരു നോർത്തിൽ കോൺഗ്രസിന് എതിരാളി. സിറ്റിങ് എം.പി സദാനന്ദ ഗൗഡയുടെ ഇടച്ചിലടക്കമുള്ള ആഭ്യന്തര പ്രശ്നങ്ങൾ മണ്ഡലത്തിൽ അലട്ടുന്ന ബി.ജെ.പി വോട്ടുചോർച്ച ഭയക്കുന്നുണ്ട്. പ്രചാരണം അവസാനത്തിലേക്കടുക്കുമ്പോൾ പ്രഫ. എം.വി. രാജീവ് ഗൗഡയിലൂടെ ബംഗളൂരു നോർത്തിൽ കോൺഗ്രസ് പ്രതീക്ഷ നിലനിർത്തുന്നു.
ബംഗളൂരു സൗത്ത്:
ബി.ജെ.പി- 7,39,229
കോൺഗ്രസ്: 4,08,037
ബംഗളൂരു സെൻട്രൽ:
ബി.ജെ.പി- 6,028,53
കോൺഗ്രസ് - 5,31,885
ബംഗളൂരു നോർത്ത്:
ബി.ജെ.പി - 8,24,500
കോൺഗ്രസ് - 6,76,982
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.