ന്യൂഡൽഹി: മണിപ്പൂർ കലാപ വിഷയത്തിൽ മോദി സർക്കാറിനെ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാരേഖകളിൽ നിന്ന് നീക്കി. രാഹുൽ പ്രസംഗത്തിൽ നിരവധി തവണ ഉപയോഗിച്ച 'കൊലപാതകം' എന്ന വാക്കാണ് പ്രധാനമായും നീക്കിയത്.
ഭാരതമാതാവിനെ കൊല ചെയ്തെന്ന വാചകത്തിലെ 'കൊല', എന്ന വാക്കും ബി.ജെ.പി നേതാക്കൾ രാജ്യദ്രോഹികളാണെന്ന വാചകത്തിലെ 'രാജ്യദ്രോഹി', പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കഴിയില്ല എന്ന വാചകത്തിലെ 'പ്രധാനമന്ത്രി' എന്നീ നീക്കിയ മറ്റ് വാക്കുകൾ. രാഹുലിന്‍റെ പ്രസംഗത്തിലെ വാക്കുകൾ നീക്കം ചെയ്തത നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.
ലോക്സഭയിൽ കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്. ബി.ജെ.പിയുടെ രാഷ്ട്രീയം മണിപ്പൂരിനെ രണ്ടു കഷണമാക്കുകയും അവിടെ ഇന്ത്യയെത്തന്നെ കൊന്നു കളയുകയും ചെയ്തെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ‘‘മോദി സർക്കാർ വഞ്ചകരാണ്. അവർ ദേശീയവാദികളല്ല. അവരുടെ രാഷ്ട്രീയം മണിപ്പൂരിനെ കൊന്നു. അവിടെ ഭാരതമാതാവിനെത്തന്നെ കൊന്നു’’ -രാഹുൽ പറഞ്ഞു.
‘‘ജനശബ്ദം കേൾക്കാത്ത പ്രധാനമന്ത്രിക്ക് ദുരഹങ്കാരമാണ്. ഹനുമാനല്ല ലങ്കക്ക് തീ കൊളുത്തിയത്. രാവണന്‍റെ ദുരഹങ്കാരത്തിലാണ് ലങ്ക എരിഞ്ഞത്. രാമനല്ല രാവണനെ കൊന്നത്. രാവണ നിഗ്രഹത്തിന് ദുരഹങ്കാരമാണ് കാരണം.’’-രാഹുൽ തുടർന്നു.
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യൻ സൈന്യത്തിന് ഒറ്റ ദിവസം മതി. പക്ഷേ, സൈന്യത്തിന്‍റെ സേവനം സർക്കാർ ഉപയോഗപ്പെടുത്തുന്നില്ല. മണിപ്പൂരിൽ പോകാൻ പോലും പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല. അഹന്തയും പകയും അത്യാഗ്രഹവും മാറ്റിവെച്ചാൽ ഇന്ത്യയുടെ ശബ്ദം കേൾക്കാൻ സാധിക്കും. ബി.ജെ.പിക്ക് അതിന് സാധിക്കുന്നില്ല. മോദിയുടെ ജയിലുകളിൽ പോകാൻ ഞാൻ തയാർ -രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.