ന്യൂഡൽഹി: സന്ദർശക വിസയിലെത്തി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇവർക്ക് പാസ് നൽകിയത് മൈസൂർ കുടക് എം.പിയായ പ്രതാപ് സിംഹയാണ്. സാഗർ ശർമ എന്ന പേരിലാണ് പാസ് നൽകിയത്. ഇത്തരം വീഴ്ചകൾ ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിലെ സുരക്ഷ വീഴ്ചയെകുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം പറയാൻ ബാധ്യസ്ഥനാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ''പാർലമെന്റിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണ് എന്നതിൽ എല്ലാവരും ആശ്വസിക്കുകയാണ്. കനത്ത സുരക്ഷ സംവിധാനങ്ങൾക്കിടയിലും, ഇങ്ങനെയൊരു സംഭവം നടന്നത് ഞെട്ടിക്കുന്ന സംഭവമാണ്. സുരക്ഷ സംവിധാനത്തിന്റെ പാളിച്ച തന്നെയാണിത്. സംഭവിച്ചതിന്റെ പൂർണ വിവരം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് കേന്ദ്രസർക്കാരിന്റെ പ്രത്യേകിച്ച ആഭ്യന്തരമന്ത്രിയുടെ ചുമതലയാണ്.''-സിദ്ധരാമയ്യ പറഞ്ഞു.
റിപ്പോർട്ടുകൾ പറയുന്നത് ശരിയാണെങ്കിൽ എന്തടിസ്ഥാനത്തിലാണ് പ്രതാപ് സിംഹ അക്രമികൾക്ക് പാസ് നൽകിയതെന്നും സിദ്ധരാമയ്യ ചോദിച്ചു. ഇത് സൂചിപ്പിക്കുന്നത് ആ യുവാക്കൾക്ക് എം.പിയെ അറിയാമായിരുന്നു എന്നാണ്. ഒരുമുൻപരിചയവുമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അപരിചതർക്ക് സന്ദർശക പാസ് നൽകാൻ സാധിക്കുക. ഇതെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സിദ്ധരാമയയ്യ ആവശ്യപ്പെട്ടു.
പാർലമെന്റ് ഭീകരാക്രമണത്തിന് 22 വർഷം തികയുന്ന അതേ ദിവസത്തിലുണ്ടായ സുരക്ഷ വീഴ്ചയെ കുറിച്ച് ഉത്തരം പറയാൻ പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരാളുടെ സഹായമില്ലാതെ യുവാക്കൾക്ക് പാർലമെന്റിൽ ഇങ്ങനെയൊരു അതിക്രമം കാണിക്കാൻ സാധിക്കില്ലെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. പാർലമെന്റിന് പോലും മതിയായ സുരക്ഷയില്ല എന്ന അവസ്ഥയാണ് എങ്കിൽ നമ്മുടെ രാജ്യത്തിന്റെ അതിർത്തികളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദ്യമുയരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.