ചെന്നൈ: ഭിന്നിപ്പിന്റെയും വെറുപ്പിന്റെ രാഷ്ട്രീയമാണ് എന്റെ അച്ഛനെ നഷ്ടപ്പെടുത്തിയത്, എന്നാൽ എന്റെ പ്രിയപ്പെട്ട രാജ്യം ഇല്ലാതാക്കാൻ ഞാൻ അനുവദിക്കില്ല''- ശ്രീപെരുംപുത്തൂരിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ പ്രാർഥന നടത്തിയ ശേഷം കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. അതിന്റെ ഭാഗമായാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ പദയാത്രയെന്നും രാഹുൽ വ്യക്തമാക്കി.
സ്നേഹം വിദ്വേഷത്തെ കീഴടക്കും. ഭയത്തെ പ്രതീക്ഷ കൊണ്ട് ഇല്ലാതാക്കാം. നാമൊരുമിച്ച് ഈ പ്രതിസന്ധികൾ തരണം ചെയ്യുമെന്നും രാഹുൽ കുറിച്ചു. നാലു ദശകത്തിനിടെ, കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്തുന്ന ആദ്യ രാഷ്ട്രീയ നേതാവ് താനാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസിനും രാഹുലിനും നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ പദയാത്ര. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന ഒന്നായി ഭാരത് ജോഡോ യാത്ര മാറുമെന്നും പാർട്ടിയിൽ നവ ചൈതന്യമുണ്ടാക്കുമെന്നും രാഹുൽ അവകാശപ്പെട്ടു. കന്യാകുമാരിയിൽ വൻ വരവേൽപാണ് രാഹുലിന് ലഭിച്ചത്.
'ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം'- എന്നതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാൻ കന്യാകുമാരി മുതൽ കശ്മീർ വരെ ആറു മാസം നീളുന്ന യാത്ര.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ജോഡോ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നാണ് രാഹുൽ ഗാന്ധി കന്യാകുമാരിയിലേക്ക് തിരിച്ചത്. വൈകീട്ട് മൂന്നിന് തിരുവള്ളൂര്‍, വിവേകാനന്ദ, കാമരാജ് സ്മാരകങ്ങൾ സന്ദര്‍ശിക്കും. ശേഷം പൊതുയോഗം. 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11 ന് കേരളത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.