പ്രധാനമന്ത്രി ആയതിന് ശേഷം മാധ്യമ പ്രവർത്തകരെ അഭിമുഖീകരിച്ചിട്ടില്ലാത്തയാളാണ് നരേന്ദ്ര മോദി. അതിനാൽ തന്നെ നടൻ അക്ഷയ്കുമാറിന് മോദി നൽകിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻകൂട്ടി തയ്യാറാക്കി നൽകിയ ചോദ്യങ്ങൾ മാത്രമാണ് അക്ഷയ് ചോദിച്ചതെന്നതും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ പുതിയ പരാമർശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ.
ഇന്ത്യൻ രാജാക്കന്മാരെ കുറിച്ച് ചരിത്ര പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നില്ലെന്നാണ് നടന്‍ അക്ഷയ് കുമാറിന്റെ പുതിയ പരാതി. എന്നാൽ പുസ്തകങ്ങളില്‍ മുഴുവന്‍ അധിനിവേശക്കാരെ കുറിച്ചാണ് പറയുന്നതെന്നും അക്ഷയ് കുമാര്‍ ആരോപിച്ചു. പൃഥ്വിരാജ് ചൗഹാനെ കുറിച്ചുള്ള സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ പ്രതികരണം.
''നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ. നമ്മുടെ സംസ്കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെ കുറിച്ചും പുസ്തകങ്ങളിൽ ഒന്നും തന്നെയില്ല. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് എഴുതാൻ ആരുമില്ല. എന്നാൽ അധിനിവേശക്കാരെ കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുന്നു. നമുക്ക് മുഗളന്മാരെക്കുറിച്ച് അറിയണം. പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം. ഇക്കാര്യത്തില്‍ സമതുലിതാവസ്ഥ വേണം" -എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അക്ഷയ് പറഞ്ഞു.
അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി വാരാണസിയിലെ ഗംഗാതീരത്ത് എത്തിയ അക്ഷയ് കുമാര്‍ ആരതി ഉഴിയുകയും ഗംഗയില്‍ മുങ്ങുകയും ചെയ്തു. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ് വേള്‍ഡ് മാനുഷി ചില്ലറും മറ്റ് അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്താനും അക്ഷയ്കുമാർ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.