ബാങ്ക് വിളിക്കുമ്പോൾ ഉച്ചഭാഷണി ഉപയോഗിക്കുന്നത് സംബന്ധിച്ച വിവാദത്തിൽ പ്രസംഗിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവിനെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) മുംബ്ര പ്രസിഡന്റ് മതീൻ ഷെഖാനിക്കെതിരെയാണ് മുംബൈ പൊലീസ് വെള്ളിയാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പ്രകോപനപരമായ പ്രസംഗം നടത്തിയതിനും അനധികൃതമായി ഒത്തുകൂടിയതിനും ഐ.പി.സി സെക്ഷൻ 188, മഹാരാഷ്ട്ര പൊലീസ് ആക്‌ട് സെക്ഷൻ 37(3), 135 എന്നിവ പ്രകാരമാണ് കേസെടുത്തത്.
പള്ളികളിൽ നിന്ന് ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള എം.എൻ.എസ് മേധാവി രാജ് താക്കറെയുടെ പ്രസ്താവനയോട് പ്രതികരിച്ച പി.എഫ്.ഐ മുംബ്ര പ്രസിഡന്റ് മതിം ഷെഖാനി വെള്ളിയാഴ്ച ഒരു പ്രതിഷേധത്തിനിടെ 'ഉച്ചഭാഷിണിയിൽ തൊട്ടാൽ മുൻനിരയിൽ പി.എഫ്.ഐ ഉണ്ടാകുമെന്ന് പ്രതികരിച്ചിരുന്നു.
"നിങ്ങൾ ഒരു ഉച്ചഭാഷിണിയിൽ പോലും സ്പർശിക്കില്ല. തൊട്ടാൽ പി.എഫ്.ഐ മുൻനിരയിൽ ഉണ്ടാകും" -ഷെഖാനി പ്രസംഗിച്ചു.
മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) തലവൻ രാജ് താക്കറെ മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന പൊതു റാലിയിൽ, പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഈ വിഷയത്തിൽ സംസ്ഥാനം നടപടിയെടുത്തില്ലെങ്കിൽ പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിൽ ചൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
മുംബൈക്കടുത്തുള്ള താനെ റൂറലിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുംബ്രയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം, മധ്യപ്രദേശ്, രാജസ്ഥാൻ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ അക്രമത്തിൽ പി.എഫ്.ഐ മുംബ്ര പ്രസിഡന്റ് പ്രതിഷേധിച്ചിരുന്നു.
രാജ്യത്ത് മുസ്ലീങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്ന് അവകാശപ്പെട്ട ഷെഖാനി, മുംബ്രയുടെ അന്തരീക്ഷം തകർക്കാൻ ചിലർ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.