പൂനെ: രാജ് താക്കറെയുടെ ഉച്ചഭാഷിണികൾക്കെതിരായ പരാമർശം സംസ്ഥാനത്ത് സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് എൻ.സി.പി നേതാവും മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രിയുമായ ജയന്ത് പാട്ടീൽ. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കടന്നുവരവ് ഇനി ആളുകൾ കാണേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. രാജ് താക്കറെക്ക് ശേഷം വരും ദിവസങ്ങളിൽ ഉവൈസിയുടെ കടന്നുവരവ് ജനങ്ങൾ കാണേണ്ടി വരും. സംസ്ഥാനത്ത് വർഗീയ ചേരിതിരിവും അനിഷ്ട സംഭവങ്ങളും ആരംഭിക്കാനുള്ള ശ്രമമാണിത്" -പാട്ടീൽ പറഞ്ഞു.
പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് മുന്നറിയിപ്പ് നൽകി. മെയ് മൂന്നിനകം ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാറിനുള്ള മുന്നറിയിപ്പ് രാജ് താക്കറെ വീണ്ടും ആവർത്തിച്ചു.
മുന്നറിയിപ്പിനോട് പ്രതികരിച്ച ശിവസേന എം.പി സഞ്ജയ് റാവത്ത് രാജ് താക്കറെ മഹാരാഷ്ട്രയുടെ ഉവൈസിയാണെന്ന് ചൂണ്ടിക്കാട്ടി. റാവത്തിനുള്ള മറുപടിയായി മഹാരാഷ്ട്ര നവനിർമാൺ സേന, സാമ്ന ഓഫീസിന് പുറത്തെ ഉച്ചഭാഷണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചു.
"നിങ്ങൾ ആരെയാണ് ഉവൈസി എന്ന് വിളിച്ചത്? മഹാരാഷ്ട്ര ഉച്ചഭാഷണികളുടെ പേരിൽ പ്രശ്നം നേരിടുകയാണ്. സഞ്ജയ് റാവത്ത്, നിങ്ങളുടെ ഉച്ചഭാഷണികൾ ഉടൻ തന്നെ നീക്കം ചെയ്തില്ലെങ്കിൽ എം.എൻ.എസ് നീക്കും"- എം.എൻ.എസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.