ഭോപാൽ: മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ അയോധ്യയിലെ രാമക്ഷേത്രത്തെച്ചൊല്ലി ബി.ജെ.പി-കോൺഗ്രസ് തർക്കം. സംസ്ഥാനത്ത് പലയിടത്തും അയോധ്യയിലെ രാമക്ഷേത്ര നിർമാണം നേട്ടമായി അവതരിപ്പിച്ച് ബി.ജെ.പി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രാമക്ഷേത്ര നിർമാണം കോൺഗ്രസിന് ‘വേദന’യായി മാറിയെന്ന് ബി.ജെ.പി പറയുമ്പോൾ, ബി.ജെ.പിക്ക് രാമഭക്തിയിൽനിന്ന് വഴിമാറിയെന്ന് കോൺഗ്രസ് ആരോപിച്ചു.
ഏതാനും ദിവസം മുമ്പ്, ബി.ജെ.പി പ്രചാരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇന്ദോർ കോൺഗ്രസ് ഘടകം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ, രാമക്ഷേത്രത്തിന്റെ ചിത്രവും മറ്റും ബി.ജെ.പി ഉപയോഗിക്കുന്നതായി പറഞ്ഞിരുന്നു. ബി.ജെ.പി നേതാക്കൾ കോൺഗ്രസിന്റെ പരാതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച്, കോൺഗ്രസ് രാമവിരുദ്ധ നിലപാടുള്ള പാർട്ടിയാണെന്ന് ആരോപിച്ചു. കോൺഗ്രസിന്റെ അടിസ്ഥാന സ്വഭാവം സനാതന ധർമ-ഹിന്ദുത്വ-രാമ വിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ ശനിയാഴ്ച വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
രാമക്ഷേത്രം എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറഞ്ഞിരുന്നു. രാമൻ വെറും സങ്കൽപമാണെന്നുപറഞ്ഞ് കോടതിയിൽ സത്യവാങ്മൂലം നൽകിയ പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. രാമൻ ‘മര്യാദ പുരുഷോത്തമനും’ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും അടയാളവുമാണെന്ന് കോൺഗ്രസ് മധ്യപ്രദേശ് ജനറൽ സെക്രട്ടറി ഇൻ ചാർജ് രൺദീപ് സുർജെവാല പറഞ്ഞു. ശ്രീരാമനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. ഭക്തിയുടെ മാർഗത്തിൽനിന്ന് വ്യതിചലിച്ചവരും കളങ്കിതരും വിവേകത്തിനായി രാമപാദത്തിനരികെ ഇരിക്കണമെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.