ഭോപാൽ: മധ്യപ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കാലിയായ ഓക്സിജൻ സിലിണ്ടറുകളുമായി കോൺഗ്രസ് എം.എൽ.എമാരുടെ പ്രതിഷേധം. ഭോപാലിൽ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് മുമ്പിലാണ് കാലിയായ ഓക്സിജൻ സിലിണ്ടറുകളുമായി എം.എൽ.എമാരുടെ കുത്തിയിരിപ്പ് സമരം.
മധ്യപ്രദേശിൽ ആരോഗ്യസേവനങ്ങൾ മോശമാണെന്ന് എം.എൽ.എമാർ ആരോപിച്ചു. പി.സി. ശർമ, ജിതു പട്വാരി, കുനാൽ ചൗധരി തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഓക്സിജൻ സൗകര്യമില്ലാത്തതിനാൽ സംസ്ഥാനത്തെ ആശുപത്രികൾ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നിെല്ലന്ന് ജിതു പട്വാരി എം.എൽ.എ ആരോപിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾക്ക് മുഖ്യമന്ത്രിയെ വിശ്വാസമില്ല, അതിനാൽ പ്രധാനമന്ത്രി ഇടപ്പെട്ട് സംസ്ഥാനത്തിന് ഉടൻ ഓക്സിജൻ സൗകര്യം ലഭ്യമാക്കണം' -പട്വാരി പറഞ്ഞു.
ഓക്സിജൻ ആവശ്യമായവർക്ക് അവ നൽകി മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ രക്ഷിക്കണം. ഗുജറാത്തിനും മഹാരാഷ്ട്രക്കും ഓക്സിജൻ വിതരണം നിർത്തിവെച്ചിരിക്കുകയാണെന്നും പി.സി. ശർമ പറഞ്ഞു.
മധ്യപ്രദേശിൽ 43,539 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മരണസംഖ്യ 4261 ആണ്. കഴിഞ്ഞദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.