കൃഷ്ണ ജന്മാഷ്ടമി സ്കൂളുകളും കോളജുകളും ആഘോഷിക്കണമെന്ന ബി.ജെ.പി സർക്കാർ ഉത്തരവിനെതിരെ കോൺഗ്രസ്

ഭോപ്പാൽ: സംസ്ഥാനത്തെ മുഴുവൻ സ്കൂൾ, കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കണമെന്ന മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് പ്രതികരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനും നല്ല അന്തരീക്ഷത്തിനും വേണ്ടിയുള്ളതാണ്. ഹിന്ദുക്കളും മുസ് ലിംകളും അവർ ആഗ്രഹിക്കുന്ന രീതിയിൽ ആഘോഷിക്കുന്ന മതപരമായ ചടങ്ങുകൾക്ക് അവധിയുണ്ട്. അടുത്തിടെ ഞങ്ങൾ രാഖി ആഘോഷിച്ചു. പല ജന്മാഷ്ടമി പരിപാടികളിലും പങ്കെടുക്കുന്നു. പക്ഷേ, നിങ്ങൾ അത് (ജന്മാഷ്ടമി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർബന്ധമാക്കുന്നു, മറുവശത്ത് നിങ്ങൾ മദ്രസകൾക്ക് നേരെ വിരൽ ചൂണ്ടുന്നുവെന്നും ആരിഫ് മസൂദ് ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 21നാണ് വിവാദ ഉത്തരവ് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ചത്. കൃഷ്ണ ജന്മാഷ്ടമി ദിനമായ ആഗസ്റ്റ് 26ന് എല്ലാ ജില്ലയിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നാണ് മുഴുവൻ ഡിവിഷണൽ കമീഷണർമാരോടും ജില്ലാ കലക്ടർമാരോടും സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.

കൂടാതെ, മുഴുവൻ സർക്കാർ, സർക്കാരിതര സ്‌കൂളുകളിലും കോളജുകളിലും ശ്രീകൃഷ്ണന്‍റെ വിദ്യാഭ്യാസം, സൗഹൃദം, ജീവിത ദർശനം എന്നിവയെ അടിസ്ഥാനമാക്കി പണ്ഡിതരുടെ പ്രഭാഷണങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കണമെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Madhya Pradesh Congress opposes govt's order to celebrate Krishna Janmashtami in school-colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.