ഭോപാൽ: മധ്യപ്രദേശിൽ ന്യൂമോണിയ മാറാൻ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്‍റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി വെച്ച സംഭവത്തിൽ പ്രസവ ശുശ്രൂഷക്കെത്തിയ ആയക്കെതിരെ കേസ്. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലാണ് സംഭവം. ന്യൂമോണിയ മാറ്റാനെന്ന പേരിൽ നാൽപതിലധികം തവണയാണ് കുഞ്ഞിന്‍റെ ദേഹത്ത് ഇവർ ചൂടാക്കിയ ഇരുമ്പ് ദണ്ഡ് വെച്ചത്.
കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40-ലധികം പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ പ്രസവ ശുശ്രൂഷക്കെത്തിയ ആയ ബൂട്ടി ബായ് ബൈഗ, കുട്ടിയുടെ മാതാവ് ബെൽവതി ബൈഗ, മുത്തച്ഛൻ രജനി ബൈഗ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.