മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ മരണ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അടുത്ത 15-20 ദിവസത്തിനുള്ളിൽ സര്‍ക്കാര്‍ വീഴുമെന്നും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്.
കോടതിയുടെ ഉത്തരവിനായി തന്‍റെ പാർട്ടി കാത്തിരിക്കുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റാവുത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.16 ശിവസേന എം.എൽ.എമാരെ (ഷിൻഡെയുടെ പാർട്ടി) അയോഗ്യരാക്കണമെന്നതുൾപ്പെടെയുള്ള ഒരു കൂട്ടം ഹരജികളിൽ തീർപ്പുകൽപ്പിക്കാത്ത സുപ്രീം കോടതി വിധിയെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നിലവിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്‍റെ 40 എം.എൽ.എമാരുടെയും സർക്കാർ 15-20 ദിവസത്തിനുള്ളിൽ വീഴും. ഈ സർക്കാരിന്‍റെ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഇതിൽ ആരാണ് ഒപ്പിടുക എന്നത് ഇപ്പോൾ തീരുമാനിക്കേണ്ടിയിരിക്കുന്നു," -റാവത്ത് പറഞ്ഞു.
ഫെബ്രുവരിയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ വീഴുമെന്ന് റാവുത്ത് നേരത്തെ പറഞ്ഞിരുന്നു. 'വ്യാജ ജ്യോത്സന്‍' എന്നാണ് ഷിന്‍ഡെ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാർക്കർ ഇതിനോട് പ്രതികരിച്ചത്. 16 ശിവസേന എം.എൽ.എമാരെ അയോഗ്യരാക്കണമെന്നതുൾപ്പെടെയുള്ള ഒരു കൂട്ടം ഹരിജികളിൽ വിധി പറയാൻ സുപ്രീംകോടതിക്ക് സമയമെങ്കിലും നൽകണമെന്ന് കേസർകർ പറഞ്ഞു. 2022 ജൂൺ 30നാണ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.