പൂനെ: മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് എൻ.സി.പി എം.പി സുപ്രിയ സുലെ. ട്രിപ്പിൾ എഞ്ചിൻ സർക്കാർ സംസ്ഥാനത്തെ സേവിക്കാൻ മറന്നിരിക്കുകയാണെന്ന് സുലെ ആരോപിച്ചു. വളരുന്ന നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്നും കൂട്ടിച്ചേർത്തു.
"ഇത് ഭയാനകമാണ്. വളരുന്ന എല്ലാ നഗരങ്ങളിലെയും വായു മലിനീകരണത്തെക്കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലയാണ്. പ്രത്യേകിച്ച് ഡൽഹിയിൽ, സ്കൂളുകൾ അടച്ചിരിക്കുകയാണ്. മുംബൈയിലും പൂനെയിലും ഞങ്ങൾക്ക് ഒരു പരിധിക്കപ്പുറം കെട്ടിടങ്ങൾ കാണാൻ പോലും കഴിയില്ല. എല്ലാ വികസനത്തിനും എതിരാണെന്നല്ല. അതിന് ശാസ്ത്രീയമായ ചില രീതികൾ ഉണ്ടായിരിക്കണം. കൊച്ചുകുട്ടികളും മുതിർന്ന പൗരന്മാരും കഷ്ടപ്പെടുന്നതായി കാണുന്നു. വായുവിന്റെ ഗുണനിലവാരത്തിന് പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാർ പോലും പറയുന്നു. വളരെ ആശങ്കാജനകമാണ്, സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതുണ്ട്" - സുപ്രിയ സുലെ പറഞ്ഞു.
സർക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടതന്നും പാർട്ടികളെയും ഇ.ഡിയെയും സി.ബി.ഐയെയും ആദായനികുതിയെയും തകർക്കലല്ല ഭരണമെന്നും നേതൃത്വവും അധികാരത്തിലിരിക്കലും രാജ്യത്തെ സേവിക്കലാണെന്നും സുലെ പറഞ്ഞു.
ഞായറാഴ്ച രാവിലെ മുംബൈയിൽ മൂടൽമഞ്ഞ് പാളി ദൃശ്യമായിരുന്നു. കണക്കുകൾ പ്രകാരം എയർ ക്വാളിറ്റി ഇൻഡക്‌സിൽ നേരിയ ഇടിവോടെ ഡൽഹിയിലെ വായു ഗുണനിലവാരം തുടർച്ചയായ നാലാം ദിവസവും 'ഗുരുതര' വിഭാഗത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.